റിലീസിനൊരുങ്ങി അനശ്വര രാജൻ ചിത്രം; വാങ്ക് തീയേറ്ററുകളിലേക്ക്

സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ തിയേറ്ററുകളെല്ലാം പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചതോടെ നിരവധി ചിത്രങ്ങളാണ് വെളിച്ചം കാണാനിരിക്കുന്നത്. സൂപ്പർ സ്റ്റാർ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തുക. സംവിധായകന്‍ വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് സംവിധാനം ചെയ്യുന്ന വാങ്ക് അക്കൂട്ടത്തിൽ റിലീസിനെത്തുകയാണ്.

അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.ചിത്രം ഈ മാസം 29 ന് തിയേറ്ററുകളിലെത്തും. ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘വാങ്ക്’.അനശ്വര രാജന്‍, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് സിനിമയുടെ ഛായാഗ്രാഹണം. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്.