ജോജു ജോര്‍ജ്ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പീസ്’ ഇന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനിൽ നെടുമങ്ങാട് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. രമ്യാ നമ്പീശനും സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമാണ്. നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന സിനിമയാണ് പീസ്. അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമാണ് സിനിമ പൂർത്തിയാകുന്നത്.
സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ആക്ഷേപഹാസ്യസിനിമ ആയിരിക്കും ഇത്. കാർലോസ് എന്ന കഥാപാത്രം ചെയ്യുന്നത് ജോജുവാണ്.
‘അഞ്ചാം പാതിര’ യ്ക്ക് ശേഷം തമിഴ് ചിത്രങ്ങളിൽ സജീവമായിരുന്നു രമ്യാ നമ്പീശന്. അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അർജുൻ സിംങ്, വിജിലേഷ്, ഷാലു റഹീം, മാമുക്കോയ തുടങ്ങിയവരും ‘പീസി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂന്ന് ഷെഡ്യൂളുകളുള്ള ചിത്രത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂളുകൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻെറ ഗാനരചന അൻവർ അലിയും സൻഫീർ.കെ.യും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് ഷമീർ ജിബ്രാൻ, എഡിറ്റിങ് നൗഫൽ അബ്ദുള്ള, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ, മേക്കപ്പ്- ഷാജി പുൽപ്പള്ളി തുടങ്ങിയവരും അണിയറയിൽ പങ്കാളികൾ ആകും.



