‘ഇനി ഓട്ടോറിക്ഷക്കാരൻറെ ഭാര്യ’; സിനിമയിലേക്ക് തിരികെയെത്താനൊരുങ്ങി ആൻ അഗസ്റ്റിൻ

മലയാളി സിനിമ പ്രേക്ഷകർക്ക് പ്രയപ്പെട്ട ആൻ അഗസ്റ്റിൻ തിരികെ വരുന്നു. ‘ഓട്ടോറിക്ഷക്കാരൻറെ ഭാര്യ’ എന്ന സിനിമയിലൂടെ ആണ് ആൻ സിനിമയിൽ സജീവം ആകാൻ ഒരുങ്ങുന്നത്. ഹരികുമാർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിൽ നായികയായാണ് ആൻ അഗസ്റ്റിൻ എത്തുന്നത്. ഉത്തരവാദിത്വ ബോധമില്ലാത്ത ഒരു ഓട്ടോക്കാരനും അയാളുടെ ഉത്തരവാദിത്ത ബോധമുള്ള ഭാര്യയും ആണ് ഈ കഥയിലെ പ്രാധാന കഥാപാത്രങ്ങൾ. എം മുകുന്ദൻ രചിച്ച നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെയായിരുന്നു ആൻ സിനിമയിൽ അരങ്ങേറിയത്. ഇത് നായികാപ്രാധാന്യം ഉള്ള സിനിമ ആയിരുന്നു. സ്വഭാവ നടനായി സിനിമയിൽ സാന്നിധ്യം അറിയിച്ചിരുന്ന അഗസ്റ്റിന്റെ മകളാണ് ആൻ. സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കിയ പ്രതിഭയാണ് ആൻ അഗസ്റ്റിൻ.

2014 ഇൽ വിവാഹം കഴിഞ്ഞതോടെ സിനിമയിൽ സജീവമായിരുന്നില്ല. 2015 ഇൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീന’ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തുടർന്ന് ‘സോളോ’ എന്ന സിനിമയിലും സാന്നിധ്യം അറിയിച്ചു. ഇപ്പോൾ സിനിമയിൽ സജീവം ആകുന്ന വാർത്ത അറിഞ്ഞ് നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.