അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്; കഥാപാത്രങ്ങളാകുന്ന പ്രിയതാരങ്ങളാരെന്നറിയാൻ കാത്ത് ആരാധകർ

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഒരുങ്ങുന്നുവെന്ന വാർത്തവന്നിട്ട് കുറച്ചു നാളുകളായി. എന്നാൽ ബിജു മേനോനും, പൃഥിരാജും, തകർത്തഭിനയിച്ച അയ്യപ്പൻ നായർ , കോശി കുര്യൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തെലുങ്കിൽ ആരെന്നാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്.

അയ്യപ്പൻ നായരായി പവൻ കല്യാൺ എത്തുമെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. കണ്ണമ്മയുടെ റോളിൽ സായ് പല്ലവി വന്നേക്കുമെന്നും പറയപ്പെടുന്നു.പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനെ റാണ ദഗ്ഗുബട്ടി അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാൽ ഈ റോളിലേക്ക് യുവതാരം നിതിന്‍ എത്തുമെന്നുമായിരുന്നു പിന്നീട് പുറത്ത് വന്ന മാധ്യമവാര്‍ത്തകള്‍. ഒടുവിലിതാ കിച്ച സുദീപ് കോശിയെ അവതരിപ്പിക്കുമെന്നാണ് പുതിയ വാർത്ത. ഇക്കാര്യത്തിൽ ഉടൻ സ്ഥിരീകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തെന്നിന്ത്യൻ സിനിമാ ലോകം.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും എന്ന കാര്യത്തിലും സ്ഥിരീകരണമുണ്ടായിട്ടില്ല. സിതാര എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗര്‍ കെ ചന്ദ്രയാണ്.