നാഗവല്ലി ഏപ്രിൽ പതിനെട്ടിലെ ശോഭനയുടെ കഥാപാത്രത്തിന്റെ മാഗ്നിഫിക്കേഷന്‍ മാത്രം ബാലചന്ദ്ര മേനോൻ

ഏപ്രില്‍ പതിനെട്ട് എന്ന സിനിമയിലെ ശോഭനയുടെ കഥാപാത്രത്തിന്റെ മാഗ്നിഫിക്കേഷന്‍ മാത്രമാണ് ഫാസില്‍ മണിച്ചിത്രത്താഴിലെ നാഗവല്ലി എന്ന കഥാപാത്രത്തില്‍ ഉപയോഗിച്ചതെന്ന് ബാലചന്ദ്ര മേനോന്‍. ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ കൊണ്ടുവന്ന നായിക നടിമാർക്ക് താൻ നൽകിയ വേഷത്തിന് അപ്പുറം ഒരു വ്യത്യസ്ത കഥാപാത്രം ചെയ്യാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം പറയുന്നു.

ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിൽ ഞാന്‍ കണ്ട ശോഭനയുടെ ഒരു മുഖമുണ്ട്. ആ മുഖത്തിന്റെ മാഗ്നിഫിക്കേഷന്‍ മാത്രം ആയിരുന്നു മണിച്ചിത്രത്താഴിലെ നാഗവല്ലിയില്‍ കണ്ടത്, ബാലചന്ദ്ര മേനോൻ പറയുന്നു. ഞാന്‍ ചില സമയത്ത് പറയാറുണ്ട് എന്റെ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളുടെ ഞാന്‍ ഹൈലൈറ് ചെയ്ത ആ ആംഗിളിന്റെ വളര്‍ച്ച മാത്രമാണ് ബാക്കി സംവിധായകര്‍ അവരുടെ സിനിമയില്‍ ഉപയോഗിച്ചത് എന്ന്, അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

പാർവതിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഞാന്‍ കൊണ്ട് വന്ന പാര്‍വതി പിന്നീട് പാവടയും ബ്ലൗസുമിട്ടു ശാലീന ഭംഗിയില്‍ സിനിമ ചെയ്യുന്നതല്ലാതെ ഞാന്‍ കൊണ്ട് വന്ന ശൈലിയെ കടത്തി വെട്ടി കൊണ്ട് ഒരു കഥാപാത്രം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

ഏപ്രില്‍ പതിനെട്ട് ചെയ്യുമ്പോൾ പ്രായം കൊണ്ടും പരിചയം കൊണ്ടുമെല്ലാം അണ്‍കംഫര്‍ട്ടബിളായിരുന്ന ശോഭന മണിച്ചിത്രത്താഴില്‍ എത്തുമ്പോൾ പരിചയ സമ്പന്ന ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1984 ലിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഏപ്രില്‍ പതിനെട്ട്’.