ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോണ്‍ പ്രെെമിലൂടെ ജൂണില്‍ റിലീസ് ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

എസ്. ഹരീഷിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ‘ചുരുളി’ നിര്‍മിക്കുന്നത്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കിതുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മധു നീലകണ്ഠൻ ഛായാഗ്രഹണം, രംഗനാഥ് രവി സൗണ്ട് ഡിസൈന്‍ എന്നിവ കൈകാര്യം ചെയ്യുന്നു.
ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ‘ചുരുളി’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ മുന്‍ സിനിമകളെപ്പോലെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചുരുളിയുടെ ചിത്രീകരണം19 ദിവസം കൊണ്ട് പൂർത്തിയാക്കിയിരുന്നു.



