‘പൂവിന് പുതിയ പൂന്തെന്നലി’ലെ കുഞ്ഞിനെ ഓർമ്മയുണ്ടോ; ജനിച്ച് 41 ന് ക്യാമറയ്ക്ക് മുന്നിലെത്തി തെന്നിന്ത്യയുടെ പ്രിയതാരമായ സുജിത

ജനിച്ച് 41-ാം ദിവസമാണ് ആദ്യമായി സുജിത ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അബ്ബാസ് എന്ന ചിത്രത്തിൽ കെ.ആർ.വിജയയുടെ പേരക്കുട്ടിയായാണ് സുജിത ആദ്യം സ്ക്രീനിലെത്തിയത്. ‘പൂവിന് പുതിയ പൂന്തെന്നൽ’ എന്ന ഫാസിൽ ചിത്രത്തിൽ സ്വന്തം അമ്മയുടേതുൾപ്പെടെ കൊലപാതകങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന ഊമയായ കുട്ടിയെ ആരും മറക്കാൻ ഇടയില്ല. മമ്മുട്ടി, ബാബു ആന്റണി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തമിഴിലും മലയാളത്തിലും തെലുങ്കിലുമായി സുജിത നിരവധി ചിത്രങ്ങളിൽ ബാലതാരമായി​ അഭിനയിച്ചു. നാൽപ്പതോളം ചിത്രങ്ങളിലാണ് സുജിത ബാലതാരമായി അഭിനയിച്ചത്. മികച്ച ബാലതാരത്തിനുള്ള ആന്ധ്രാപ്രദേശ് സർക്കാരിന്റെ പുരസ്കാരം രണ്ടു തവണയാണ് സുജിത നേടിയത്. സംവിധായകൻ സൂര്യ കിരണിന്റെ സഹോദരിയാണ് സുജിത. സൂര്യ കിരണും സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ച വ്യക്തിയാണ്. സഹോദരനും അമ്മയ്ക്കും ഒപ്പം ലൊക്കേഷനിലേക്കുള്ള യാത്രകളാണ് തന്നെയും സിനിമയിൽ എത്തിച്ചതെന്നാണ് സുജിത പറയുന്നത്.

പരസ്യസംവിധായകനായ ധനുഷ് ആണ് സുജിതയുടെ ജീവിത പങ്കാളി. പിന്നീട് നായികയായും സഹനടിയായും സുജിത സജീവമായി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ​ ഭാഷകളിലായി നൂറോളം സിനിമകളിൽ സുജിത ഇതിനകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തരാം സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ്.