സിനിമ – മാധ്യമ പ്രവർത്തകർക്ക് കോവിഡ് 19 വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ചിരഞ്ജീവി

രാജ്യത്ത് കോവിഡ് 19 മഹാമാരിയുടെ രണ്ടാം വ്യാപന ഘട്ടം ശക്തി പ്രാപിക്കുന്ന സ്ഥിതിയാണ് നിലവിൽ. ഈ സാഹചര്യത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൊറോണ വാക്‌സിൻ സൗജന്യമായി നൽകും എന്ന വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്.

ചിരഞ്ജീവി നേതൃത്വം നല്‍കുന്ന കൊറോണ ക്രൈസിസ് ചാരിറ്റിയും (സി.സി.സി.) അപ്പോളോ 247നും ചേർന്നാണ് വാക്സിന്‍ നല്‍കുക. ഇത് പ്രകാരം 45 വയസിന് മുകളിലുള്ള എല്ലാ തെലുങ്ക് സിനിമ പ്രവർത്തകർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കാനാണ് പദ്ധതി. നാളെ മുതലാണ് വാക്‌സിന്‍ നല്‍കുക.

മുൻപ് ലോക്ക്ഡൗണ്‍ ഘട്ടത്തിൽ പ്രതിസന്ധിയിലായ സിനിമ മേഖലയിലുള്ളവര്‍ക്ക് സി.സി.സി.യുടെ നേതൃത്വത്തില്‍ ഒട്ടേറെ കരുതലും സഹായങ്ങളും ചെയ്തിരുന്നു. യു.പി.എ ഭരണത്തിൽ അദ്ദേഹം കേന്ദ്ര മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 വരെ കോൺഗ്രസിന്റെ രാജ്യസഭാ എംപി ആയിരുന്നു.