രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ ‘ചുരുളി’ ശ്രദ്ധേയമായി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. മേളയുടെ രണ്ടാം ദിവസം ആയിരുന്നു സിനിമയുടെ പ്രദർശനം.
നിയമവാഴ്ചയുടെ ചുരുളില്‍ കുരുങ്ങിയ ജീവിതത്തിന്റെ പരുക്കന്‍ സാഹചര്യങ്ങളാണ് ചുരുളി പ്രമേയമാക്കുന്നത്. മേളയിലെ മത്സരവിഭാഗത്തിലായിരുന്നു സിനിമയുടെ പ്രദര്‍ശനം. ലിജോയുടെ ചിത്രം ജല്ലിക്കെട്ട് ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. ആമേൻ, ഈ.മ.യൗ. ഡബ്ബിൾ ബാരൽ, അങ്കമാലി ഡയറീസ് തുടങ്ങിയവ ലിജോയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.
വിയറ്റ്‌നാം ചിത്രമായ റോം ,ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഡിയര്‍ കോമ്രേഡ്‌സ്, മലയാളചിത്രങ്ങളായ മ്യൂസിക്കല്‍ ചെയര്‍, സീ യു സൂണ്‍, 1956 മധ്യതിരുവിതാംകൂര്‍, മോഹിത് പ്രിയദര്‍ശിയുടെ കൊസ എന്നിവയും രണ്ടാം ദിനത്തില്‍ മികച്ച പ്രതികരണം നേടി. ശനിയാഴ്ച വൈകിട്ട് നാലിന് കൈരളി തിയേറ്ററില്‍ ചുരുളിയുടെ രണ്ടാമത്തെ പ്രദര്‍ശനം നടക്കും.



