രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി പറഞ്ഞ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനവും, സ്ഥാനാർത്ഥിത്വവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ആ പശ്ചാത്തലത്തിലാണ് പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം കാര്യങ്ങൾ വ്യക്തമാക്കിയത്.

തന്റെ ഇപ്പോഴത്തെ രാഷ്ട്രീയം സിനിമയാണെന്ന് താരം പറഞ്ഞു. സ്ഥാനാർത്ഥിയാകണമെന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയപാർട്ടിയും ഇതുവരെ തന്നെ സമീപിച്ചിട്ടില്ല. അത്തരത്തിൽ പുറത്തുവരുന്നത് കെട്ടുകഥകളാകാമെന്നും താരം പറഞ്ഞു.
റിലീസാകാനിരിക്കുന്ന വൺ എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയായാണ് താരം വേഷമിടുന്നത്. ശരിക്കും മുഖ്യമന്ത്രിയായാലോ എന്ന ചോദ്യത്തിന് വൺ എന്നത് താനഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയാണ് അതിനെ സിനിമയായി മാത്രം കണ്ടാൽ മതി, കൂടുതൽ ചിന്തിക്കേണ്ട എന്നായിരുന്നു താരം നൽകിയ ഉത്തരം.



