കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞ ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന് വേണ്ടി ട്രിബ്യൂട്ട് ഗാനം അണിയിച്ചൊരുക്കി രാഹുൽ രാജും സംഘവും പുറത്തിറക്കിയത്. ‘അഞ്ജലി പ്രാണാഞ്ജലി’ എന്ന് തുടങ്ങുന്ന ഹരിചരൺ ആലപിച്ച ട്രിബ്യൂട്ട് ഗാനം അതിന്റെ അവതരണ രീതികൊണ്ടും മറ്റും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഗാനം ഇപ്പോൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. മലേഷ്യയിൽ നിന്നുള്ള ഒരു ഇവന്റ് മാനേജ്‌മെന്റ് സംഘത്തിന്റെ പരാതിയിലാണ് യൂട്യൂബ് വീഡിയോ നീക്കം ചെയ്തിരിക്കുന്നത്. ട്ര്യിബ്യൂട്ട് വീഡിയോയിൽ വെറും 20 സെക്കന്റിൽ താഴെ മാത്രം വരുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ അഭിമുഖം ഉൾപ്പെട്ടിരിക്കുന്നതിനാലാണ് നീക്കം ചെയ്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധം അറിയിച്ചിരിക്കുകയാണ് രാഹുൽ രാജും ഗാനം എഴുതുകയും അത് നിർമ്മിക്കുകയും ചെയ്ത രാജീവ് ഗോവിന്ദനും.
ട്രിബ്യൂട്ട് വീഡിയോയുടെ പുറകിൽ പ്രവർത്തിച്ച ആരും തന്നെ യാതൊരുവിധ സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ല ഇങ്ങനെയൊരു ഗാനം ചെയ്തിരിക്കുന്നതെന്നും എസ് പി ബി യോടുള്ള ബഹുമാനാർത്ഥം മാത്രമാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തിരിക്കുന്നത്, അതിനാൽ തന്നെ ഇങ്ങനെയൊരു നീക്കം നിരാശയുളവാക്കുന്നതാണെന്നും രാജീവ് ഗോവിന്ദൻ പറയുന്നു. നിയമപരമായി തന്നെ ഇതിനെ നേറിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



