സാമന്തയും ദേവ് മോഹനും ഒന്നിക്കുന്ന ‘ശാകുന്തളം’ പ്രഖ്യാപിച്ചു

സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ സാമന്തയുടെ നായകനായി എത്തുന്നു.‘ശാകുന്തളം’ എന്ന ചിത്രത്തിലാണ് ദേവും സാമന്തയും ഒന്നിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖർ ഒരുക്കുന്ന സിനിമയാണ് ശാകുന്തളം. അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയത് ഗുണശേഖർ ആണ്.

കാളിദാസന്റെ സംസ്കൃത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമയെക്കുറിച്ച് ജനുവരി ആദ്യ വാരമാണ് ഗുണശേഖർ പ്രഖ്യാപിച്ചത്. സമാന്ത ശകുന്തളയായി വേഷമിടുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പങ്കുവച്ചിരുന്നു. ഇന്ത്യ മുഴുവൻ റിലീസ് പ്രതീക്ഷിച്ച് ഒരുക്കുന്ന ശാകുന്തളത്തിന് മണി ശർമയാണ് സംഗീതം ഒരുക്കുന്നത്.

ശകുന്തളയുടെ വീക്ഷണകോണിൽ നിന്നും ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥ അവതരിപ്പിക്കുന്ന ചിത്രമാകുമെന്നാണ് വിവരം. സൂഫിയും സുജാതയും വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ വർഷം അവസാനത്തോടെ ശാകുന്തളം ചിത്രീകരണം ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.