പുത്തൻ ചിത്രം 19ാം നൂറ്റാണ്ടിനെക്കുറിച്ച് പ്രതീക്ഷയോടെ സംവിധായകൻ വിനയന്റെ കുറിപ്പ്

സിജു വിത്സനെ നായകനാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ചിത്രമാണ് 19ാം നൂറ്റാണ്ട്. ചിത്രീകരണം പൂർത്തിയാക്കി പ്രദർശിനത്തിനൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിനയൻ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും, അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചുമെല്ലാം ഏറെ പ്രതീക്ഷയോടെ വിവരിക്കുന്നത്. അതോടൊപ്പം തന്നെ നിർമ്മാതാവ് ശ്രി ഗോകുലം ഗോപാലന് നന്ദിപറയുകയും ചെയ്തിരിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം;

19-ാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ അനുഭവിച്ച അവഗണനയും, അപമാനവും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഹീനമായിരുന്നു..
നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികൾക്കും, അയ്യൻകാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തൻെറ പടവാളുയർത്തിയിരുന്നു.
ആ നായകൻെറയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് “പത്തൊൻപതാം നൂറ്റാണ്ട്”….. ഇതിലെ നായകൻ സിജു വിൽസൺ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തും എന്നു ഞാൻ പറഞ്ഞിരുന്നു..

അതുപോലെ തന്നെ “പത്തൊൻപതാം നുറ്റാണ്ടി”ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയിൽ മലയാളത്തിൻെറ അഭിമാന താരമായിമാറും..

ഇന്നു മലയാളത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയിൽ,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂർത്തങ്ങളും, രംഗങ്ങളും ആകർഷകമായി ഒരുക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
മലയാളത്തിലെ അൻപതോളം പ്രശസ്ത നടീനടൻമരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാൻ എന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ…
വിനയൻ..