കുഞ്ഞിക്ക ബോളിവുഡിൽ തന്നെ കൂടിയോ എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ആരാധകർക്ക് ആശ്വാസമായി അടുത്തിടെ പ്രഖ്യാപിക്കുന്ന പ്രൊജക്റ്റുകൾ. കുറുപ്പിനും പ്രഖ്യാപിക്കപ്പെട്ട മറ്റു ചിത്രങ്ങൾക്കും ശേഷം ഇതാ ഒരു പുതിയ സിനിമ കൂടി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദുൽഖർ പ്രധാന താരമായി എത്തുന്നു. ഒരു പൊലീസ് ഓഫീസറുടെ റോളിൽ ആയിരിക്കും ദുൽഖർ ചിത്രത്തിൽ അഭിനയിക്കുക. നേരത്തെ പൊലീസ് കഥാപാത്രമായി വിക്രമാദിത്യനിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഒരു മുഴുനീള പൊലീസ് വേഷമായിരുന്നില്ല അത്. ബോബി – സഞ്ജയ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
കായംകുളം കൊച്ചുണ്ണിക്ക് ശേഷം പ്രതി പൂവൻ കോഴി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് റോഷൻ ആൻഡ്രൂസ്. റോഷൻ തന്നെ ഒരു പ്രധാന വേഷം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ ആണ് മുഖ്യ കഥാപാത്രമായി എത്തുന്നത്. ഇതിന് ശേഷം ആയിരിക്കും ദുൽഖർ സിനിമയിലേക്ക് കടക്കുക.