മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു

മമ്മുട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി ശക്തമാക്കി പൊലീസ്. നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗരുഡിന് നൽകിയ പരാതിയിൽ വിതുര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയെ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് പ്രകാരം റൂറൽ എസ്.പിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നത്. സിനിമക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന മുഴുവൻ അക്കൗണ്ടുകളുടെയും വിശദാംശം നൽകാൻ ഫെയ്സ് ബുക്ക് അധികൃതരോട് റൂറൽ സൈബർ പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.

മാമാങ്കം സിനിമയുടെ തിരക്കഥാകൃത്ത് വിതുര സ്വദേശി സജീവ് പിള്ള, നിരഞ്ജൻ വർമ്മ , അനന്തു കഷ്ണൻ,കുക്കു അരുൺ, ജഗന്നാഥൻ, സി.ബി.എസ് പണിക്കർ , ആന്റണി എന്നിവർക്കെതിരെയും ഈഥൻ ഹണ്ട് എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിനെതിരെയും ഐ.പി.സി 500, സൈബർ ആക്ട് 66D പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമയെ നശിപ്പിക്കാൻ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആൾമാറാട്ടം നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ക്രിമിനൽ ഗൂഢാലോചന തെളിഞ്ഞാൽ ആ വകുപ്പ് കൂടി (120(B) )പിന്നിട് ചേർക്കുമെന്ന് വിതുര സി.ഐ വ്യക്തമാക്കിയിട്ടുണ്ട്

സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു സിനിമക്കെതിരായ വ്യാജ പ്രചരണത്തിൽ പൊലീസ് നടപടി ശക്തമാക്കിയിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ മാമാങ്കത്തിനെതിരെ സംഘടിത ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നാണ് കാവ്യ ഫിലിംസ് ആരോപിച്ചിരുന്നത്. റിലീസ് ചെയ്യാത്ത സിനിമ കണ്ടെന്ന് അവകാശപ്പെട്ടുള്ള പ്രചരണങ്ങളാണ് വ്യാപകമായിരുന്നത്. സിനിമയിലെ കഥയിലെ ചില രംഗങ്ങൾ സംബന്ധമായ വിലയിരുത്തലുകൾ പുറത്ത് വന്നതിന് പിന്നിൽ സജീവ് പിള്ളയാണെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്. ഇക്കാര്യം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് വിതുര പൊലീസിന് നൽകിയ മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്. മാമാങ്കം സിനിമ പരാജയപ്പെടണമെന്ന് ആഗ്രഹിച്ച് ഇവരെയെല്ലാം മുന്നിൽ നിർത്തി പിന്നിൽ നിന്നും ആര് കളിച്ചാലും അവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സാധാരണ ഒരു സൈബർ കേസ് എന്നതിലുപരി ക്രിമിനൽ ഗൂഢാലോചന കൂടി അന്വേഷിക്കാൻ പൊലീസ് തിരുമാനിച്ചതും ഈ സാഹചര്യത്തിലാണ്. ഒരേ കേന്ദ്രത്തിൽ നിന്നാണോ സിനിമക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്നതും ഇതിന് പിന്നിൽ ഡിജിറ്റൽ മാർക്കറ്റിംങ് ഏജൻസികളുണ്ടോ എന്നതും തുടരന്വേഷണത്തിൽ കണ്ടെത്താൻ പറ്റുമെന്നാണ് പൊലീസ് കരുതുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് സിനിമയായാ മാമാങ്കം ഡിസംബർ 12 നാണ് റിലീസ് ചെയ്യുന്നത്. രാജ്യത്തിന് അകത്തും പുറത്തുമായി 2000 ത്തോളം തിയറ്ററുകളിലാണ് പ്രദർശനം. മലയാള സിനിമക്ക് വലിയ വിപണി സാധ്യത മാമാങ്കം റിലീസോടെ തുറന്ന് കിട്ടുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

2018, 2019 വർഷങ്ങളിലായി ഏഴ് ഷെഡ്യൂളായാണ് മാമാങ്കം ഷൂട്ടിങ് പൂർത്തിയായിരുന്നത്. സജീവ് പിള്ളയായിരുന്നു ആദ്യ ഘട്ടത്തിൽ സംവിധാനം നിർവ്വഹിച്ചിരുന്നത്. എന്നാൽ സംവിധാനത്തിൽ മുൻ പരിചയമില്ലാതിരുന്ന അദ്ദേഹത്തിൽ നിർമ്മാതാവിന് ആത്മവിശ്വാസം നഷ്ടമായതോടെ സിനിമാ സംഘടനകളുടെ അനുമതിയോടെ പിന്നീട് സംവിധാന ചുമതല എം.പത്മ കുമാറിന് കൈമാറുകയായിരുന്നു. നിർമ്മാതാവ് വേണു കുന്നപ്പിള്ളി, എക്സിക്യുട്ടിവ് പ്രാഡ്യൂസർമാരായ വിവേക് രാമദേവൻ, ആന്റണി ജോസഫ് എന്നിവരാണ് ഫെഫ്കയുമായും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകളിൽ പങ്കെടുത്തിരുന്നത്.

സജീവ് പിള്ള ഷൂട്ട് ചെയ്ത ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കിയായിരുന്നു പിന്നീട് ചിത്രീകരണം ആരംഭിച്ചിരുന്നത്. ഇതു മൂലം 13 കോടി രൂപയുടെ നഷ്ടമാണ് നിർമ്മാതാവിനുണ്ടായിരുന്നത് തിരക്കഥയുടെ വിലയുൾപ്പെടെ 21.75 ലക്ഷം രൂപ ഇതിനകം തന്നെ സജീവ് പിള്ള രേഖാമൂലം കൈപ്പറ്റിയതായും കാവ്യ ഫിലിംസ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments