വിശപ്പിന്റെ കഥപറയുന്ന ഫുഡ് പാത്ത്; ഹ്രസ്വചിത്രവുമായി സുരഭിയും കൂട്ടരും

കൊവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായെങ്കിലും ചലച്ചിത്രപ്രവർത്തകരെല്ലാം തിരക്കിലാണ്. പലരും സ്വന്തം നിലയ്ക്ക് വിവിധമേഖലകളിൽ ഇടപെടുന്നുണ്ട്. അക്കൂട്ടത്തിലിതാ ഒരു മികച്ച ഹ്രസ്വചിത്രമൊരുക്കി വാർത്തകളിൽ നിറയുകയാണ് നടി സുരഭി ലക്ഷ്മിയും കൂട്ടരും.

ജിത്തു കെ ജയന്റെ സംവിധാനത്തിലൊരുങ്ങിയ ഫുഡ് പാത്ത് എന്ന ഹ്രസ്വചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മലയാളികളുടെ പ്രിയ നടിയും ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറുമായ സുരഭി ലക്ഷ്മിയുടെ യൂട്യൂബ് ചാനലായ സുരബീസിലാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തത്.

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ആദ്യമായി ചിത്രം പങ്കുവച്ചത്. എല്ലാവർക്കും ആശംസകൾ നേർന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. വിശപ്പാണ് ചിത്രത്തിന്റെ പ്രമേയം. വിശപ്പിന്റെ വിവിധ മുഖങ്ങൾ, ഫുഡ് ഡെലിവറി ചെയുന്നവരുടെ സാഹചര്യങ്ങൾ എല്ലാം ചിത്രം പറയുന്നു.

ചിത്രത്തിന്റെ കഥയും നിർമ്മാണവും അയ്യൂബ് കച്ചേരിയുടേതാണ്. . വിനോദ് കുമാർ ആതീതി തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം, സുമേഷ് സുകുമാരനാണ്. സംഗീതം ബിബിൻ അശോകൻ. റിസാൽ ജെയ്നി എഡിറ്റിംഗും, രംഗനാഥ് രവി സൗണ്ട് ഡിസൈനും ഫസൽ എ ബക്കർ സൗണ്ട് മിക്സിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.