ചിരിയും ചിന്തയുമായി മറ്റൊരു ഹിറ്റ് കൂടി നൽകി മമ്മൂക്ക; ഗാനഗന്ധർവൻ റിവ്യൂ വായിക്കാം

പഞ്ചവർണ്ണതത്ത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ രമേശ് പിഷാരടി മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഗാനഗന്ധർവനാണ് ഇന്നത്തെ പ്രധാന റിലീസുകളിൽ ഒന്ന്. ഇരുവരും ആദ്യമായി ഒന്നിക്കുന്നത് കൊണ്ട് തന്നെ ചില്ലറ പ്രതീക്ഷകൾ അല്ല ചിത്രം തന്നിരുന്നത്. കലാസദൻ ഉല്ലാസ് എന്ന ഗാനമേള ഗായകൻ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്‌ ജീവിതം പറയുന്ന ചിത്രം. വർഷങ്ങളായി ഉത്സവ പറമ്പിലും ഗാനമേള ട്രൂപ്പിലും പാടുന്ന ഉല്ലാസിന് കാര്യമായ ഉയർച്ചകൾ ഒന്നും ജീവിതത്തിൽ ലഭിക്കുന്നില്ല. യാദൃശ്ചികമായി ഉല്ലാസിന്‌ ഒരു അമേരിക്കൻ പ്രോഗ്രാമിന് അവസരം ലഭിക്കുന്നതും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

കെട്ടുറപ്പുള്ള കഥയും തിരക്കഥയും തന്നെയാണ് ചിത്രത്തിന്റെ ബലം. കാണുന്ന പ്രേക്ഷകനെ മടുപ്പിക്കാതെ അവയൊരുക്കുന്നതിൽ ഹരി പി നായരും രമേഷ്‌ പിഷാരടിയും പൂർണ്ണമായി വിജയിച്ചിട്ടുണ്ട്‌ എന്ന് തന്നെ പറയാം. മമ്മൂട്ടിയുടെയും മറ്റു കഥാപാത്രങ്ങളുടെയും അസാധ്യ പ്രകടനം ചിത്രത്തിന്റെ ഒഴുക്കിനെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. കലാസദൻ ഉല്ലാസ്‌ ആയി മമ്മൂക്ക നിറഞ്ഞാടി എന്ന് തന്നെ പറയാം. നായിക കഥാപാത്രം അവതരിപ്പിച്ച പുതുമുഖം വന്ദിത മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. പ്രേക്ഷകനെ രസിപ്പിക്കുന്ന ആദ്യ പകുതിയും വളരെ ശക്തമായ രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്‌. അഴകപ്പൻ ഒരുക്കിയ ഛായാഗ്രഹണവും ദീപക്‌ ദേവിന്റെ സംഗീതവും വളരെ ഏറെ മികച്ച്‌ നിന്നു.

ഹാസ്യത്തിന്റെ അകമ്പടിയോടെ രമേഷ്‌ പിഷാരടി അണിയിച്ചൊരുക്കിയ ഒരു കുടുംബ സിനിമയാണ് ഗാനഗന്ധർവൻ. തമാശകളും അൽപം ത്രില്ലും കുറച്ച്‌ ചിന്തയും പ്രേക്ഷകന് നൽകുന്ന ഒരു കൊച്ചു മനോഹര ചിത്രം. ഒരുകാലത്ത്‌ ഏറെ പ്രചാരമുണ്ടായിരുന്ന ഉത്സവ പറമ്പിലെ ഗാനമേള രംഗങ്ങളും മറ്റും അതിന്റെ ഭംഗിയോട്‌ കൂടിതന്നെ ആസ്വദിക്കാൻ ഈ സിനിമയിലൂടെ കഴിയും. ധൈര്യമായി ടിക്കറ്റ്‌ എടുക്കാം. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments