400 കോടി ബജറ്റിൽ, രണ്ടെമുക്കാൽ വർഷത്തെ ഷൂട്ടിംഗ്; രാജമൗലി ചിത്രം ‘ആര്‍ആര്‍ആറി’ന്‍റെ ചിത്രീകരണം പൂർത്തിയാക്കി

രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആർ’ (രൗദ്രം രണം രുധിരം) ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ സിനിമാ മേഖലയിൽ ചർച്ചയ്ക്ക് വച്ചിരുന്നു. വമ്പൻതാരനിര അണിനിരക്കുന്ന ചിത്രം 400 കോടി രൂപ മുതൽമുടക്കിലാണ് നിർമിച്ചിരിക്കുന്നത്. രണ്ടേമുക്കാല്‍ വര്‍ഷം നീണ്ടുനിന്ന ചിത്രീകരണം ഇന്ന് പൂർത്തിയായെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

‘ബാഹുബലി 2’ന്‍റെ വന്‍ വിജയത്തിനു ശേഷം 2018 നവംബര്‍ 19നാണ് രാജമൗലി ‘ആര്‍ആര്‍ആറി’ന്‍റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.

Ram Charan in RRR Movie

ഈ വര്‍ഷം ഒക്ടോബര്‍ 13ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തേക്ക് റിലീസ് നീട്ടാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്.

Jr NTR in RRR Movie

സീ5, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ ഇത് ഡയറക്റ്റ്
ഒടിടി റിലീസ് ആയിരിക്കില്ല. തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി സ്ട്രീമിംഗ് ആയിരിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ 5ല്‍ ആയിരിക്കും.