ഇര്‍ഫാന്‍ ഖാൻ അവസാനമായി അഭിനയിച്ച ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും

അടുത്തിടെ അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം ‘ദി സോങ് ഓഫ് സ്‌കോര്‍പിയോണ്‍സ്’ അടുത്ത വര്‍ഷം റിലീസിനെത്തും. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഒട്ടക വ്യാപാരിയായാണ് ഇര്‍ഫാന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 2020 ഏപ്രിൽ 29 ഇന്നായിരുന്നു ഇർഫാൻ അന്തരിച്ചത്. അനൂപ് സിങ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ഇറാനിയന്‍ നടി ഗോള്‍ഷിഫീത് ഫര്‍ഹാനി ഇര്‍ഫാനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. 2017ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ 70-ാമത് ലൊകാര്‍ണോ ചലച്ചിത്രോത്സവത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ തിയറ്ററുകളിൽ ഈ സിനിമ റിലീസ് ചെയ്തിരുന്നില്ല.

രാജസ്ഥാന്റെ പശ്ചാതലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ കാലങ്ങളായുള്ള വിശ്വാസവും സംസ്കാരവും ഒക്കെ ചേർത്തിണക്കിയ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും പ്രതികാരവും ഒക്കെ കലർന്ന സിനിമയാണ് ‘ദി സോങ് ഓഫ് സ്‌കോര്‍പിയോണ്‍സ്’.