കെ.ജി.എഫ് സംവിധായകന്റെ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പ്രധാന വേഷത്തിൽ ജഗപതി ബാബു

കെജിഎഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍,പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘സലാറിൽ’ പ്രധാന കഥാപാത്രമായി മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ ഡാഡി ഗിരിജയും എത്തുന്നു. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക. ജഗപതി ബാബുവാണ് ‘രാജമനാര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കഥാപാത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജഗപതി ബാബു സ്ക്രീനില്‍ എത്തുന്നത്.

സലാറിന്‍റെ 20 ശതമാനം ചിത്രീകരണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ബാക്കി ഭാഗങ്ങള്‍ 2022 ഫെബ്രുവരിക്കുള്ളില്‍ പൂർത്തിയാക്കാനാണ് പദ്ധതി. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് സലാറിന്‍റെയും നിര്‍മ്മാണം. കെജിഎഫ് പരമ്പരയ്ക്ക് ശേഷം സംവിധായകൻ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണിത്.