വിവാദങ്ങൾക്കിടെ ജയസൂര്യ ചിത്രം ‘ഈശോയുടെ’ രണ്ടാം മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’യുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജയസൂര്യയും,ജാഫര്‍ ഇടുക്കിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് പോസ്റ്ററിലുള്ളത്.നോട്ട് ഫ്രം ബൈബിള്‍’ എന്ന വിവാദ ടാഗ്‌ലൈന്‍ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ പേരിനെതിരെ നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ഈ ടൈറ്റില്‍ എന്നായിരുന്നു വിമർശനം. എന്നാൽ സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെടുന്നുവെന്ന് തോന്നിയാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് നാദിര്‍ഷ പ്രതികരിച്ചിരുന്നു.

നമിത പ്രമോദ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. ദിലീപ് നായകനാവുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന ചിത്രവും നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തുവരാനുണ്ട്.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ‘ഈശോ’യില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. രചന സുനീഷ് വരനാട്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെയാണ് സംഗീതം പകരുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ് ബാദുഷ, നാദിര്‍ഷ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം സുജിത്ത് രാഘവ്. മേക്കപ്പ് പി വി ശങ്കര്‍. വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം. പരസ്യകല ആനന്ദ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സെലെക്സ് ഏബ്രാഹം. അസോസിയേറ്റ് ഡയറക്ടര്‍ വിജീഷ് അരൂര്‍. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ചിത്രീകരണം.