സുജാതയുടെ പ്രണയം നമ്മളെ പ്രണയർദ്രരാക്കുമ്പോൾ അവിടെ കാണാതെ പോവുന്ന അല്ലെങ്കി ശ്രദ്ധയെത്താതെ പോവുന്ന മറ്റൊരു കഥാപാത്രമാണ് രാജീവ്. അയാളിലെ പ്രണയം ചിലപ്പോൾ അയാൾക്കൊപ്പം മാത്രം നിന്നു പോവുകയാണ് ചിത്രത്തിലുടനീളം. വിവാഹത്തിന് മുന്നേയുള്ള ഭാര്യയുടെ പ്രണയം അറിഞ്ഞു കൊണ്ടും ഭർത്താവ് എന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലയെന്ന അബദ്ധ ധാരണയും കൊണ്ട് നടക്കുന്ന രാജിവ് ഒരു വേളയിൽ തുറന്നടിക്കുകയും പിന്നീട് അതിന് മാപ്പ് എന്ന പോലെ സുജാതയോട് പെരുമാറുകയും ചെയ്യുന്നത് നമുക്ക് കാണാം. പുറമെ മോശമെങ്കിലും ഉള്ളിൽ വലിയൊരു മനസിന് ഉടമയായ രാജീവിനെ പോലുള്ള കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഇപ്പോഴും പലരും എഴുതി ഫലിപ്പിക്കാൻ പാടു പെടുന്നത് മറ്റൊരു കാര്യമാണ്. തീർച്ചയായും സൂഫിയും സുജാതയും പോലെ തന്നെ രാജീവിന്റെ പ്രണയവും പ്രേക്ഷകന്റെ മനസിൽ സിനിമയ്ക്ക് ശേഷം സ്ഥാനം പിടിക്കുന്നുണ്ട്.





