കെ.ജി.എഫ് ചാപ്റ്റർ 2 സാറ്റലൈറ്റ് അവകാശം സീ ചാനലിന്; പ്രഖ്യാപനവുമായി നിർമാതാക്കൾ

കന്നഡ താരം യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ആക്ഷൻ ചിത്രം കെ.ജി.എഫ് ചാപ്റ്റർ-2വിന്‍റെ സാറ്റലൈറ്റ് അവകാശം സീയുടെ കേരളം, കന്നഡ, തമിഴ്, തെലുഗു ഉൾപ്പെടുന്ന സൗത്ത് ക്ലസ്റ്റർ സ്വന്തമാക്കി. ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.സീ നെറ്റ്‍വര്‍ക്കിന് കീഴില്‍ വരുന്ന ചാനലുകള്‍ വഴി ആയിരിക്കും ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയറുകള്‍.ചിത്രം തിയറ്ററുകളിലേ റിലീസ് ചെയ്യേണ്ടതുള്ളൂ എന്ന തീരുമാനത്തിലായിരുന്നു അണിയറ പ്രവർത്തകർ.

2020 ഒക്ടോബര്‍ 23നാണ് ‘കെജിഎഫ് 2’ന്‍റെ റിലീസ് തീയതിയായി ഏറ്റവുമാദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതിനു കഴിയാതെ വന്നതോടെ ഈ വര്‍ഷം ജനുവരിയില്‍ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്നായിരുന്നു പിന്നീട് വന്ന അറിയിപ്പ്. പുതിയ തീയതി തിയറ്ററുകള്‍ സജീവമാകുന്ന സമയത്തേക്ക് പ്രഖ്യാപിക്കും. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്.

സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാല്‍ സഞ്ജയ് ദത്ത് കാന്‍സര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതോടെ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനും കാത്തിരിക്കേണ്ടിവന്നു. അവശേഷിച്ച മൂന്ന് ദിവസത്തെ ചിത്രീകരണം അദ്ദേഹം പിന്നീടെത്തി പൂര്‍ത്തിയാക്കി. കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന ‘കെജിഎഫ് 2’ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

കെ.ജി.എഫ് ചാപ്റ്റർ 1 ആഗോളതലത്തിൽ 50 ഇടങ്ങളിലായി നൂറിലേറെ തിയറ്ററുകളിൽ റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ 100 കോടി രൂപയിലേറെ വാരിക്കൂട്ടി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായി മാറിയിരുന്നു.