തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഇന്നും മറക്കാനാകാത്ത മാദക സൗന്ദര്യമെന്നാണ് സിൽക്ക് സ്മിതയെ പലരും വിശേഷിപ്പിക്കുന്നത്. എണ്‍പതുകളിലും തൊണ്ണുറുകളിലും മലയാളികളുടെ കൗമാരകാമനകളെ ശമിപ്പിച്ച അഭിനേത്രി. ആന്ധ്രാ സ്വദേശി വിജയലക്ഷ്മി തെന്നിന്ത്യൻ സിനിമയിലെ മാദകറാണിയെന്ന കസേരയിലേക്ക് എത്തിയത് ഏറെ കയ്പുനീർ കുടിച്ചുതന്നെയാണ്. 17 വർഷങ്ങൾ കൊണ്ട് 500 ചിത്രങ്ങൾ എന്ന നേട്ടത്തിലേക്കത്തുന്നത് ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ മറികടന്നാണ്. പിന്നീട് അതേ ജീവിതാനുഭങ്ങൾ 35ാം വയസിൽ അവരെ മരണത്തിലേക്കെത്തിച്ചു.

മരണാനന്തരം മാത്രം വാഴ്ത്തപ്പെട്ടവരിലേക്ക് ഉയർന്ന അഭിനേത്രി. 2011ല്‍ പുറത്തിറങ്ങിയ ‘ദ ഡെര്‍ട്ടി പിക്ചര്‍’ എന്ന ബോളിവുഡ് ചിത്രം സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ചിത്രീകരിച്ചത്. വിദ്യാ ബാലനായിരുന്നു സില്‍ക്ക് സ്മിതയായി അഭിനയിച്ചത്. നിരവധി അവാര്‍ഡുകളും ആ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും വെള്ളത്തിരയിലേക്ക് സിൽക്കിന്റെ ജീവിതം എത്തുകയാണ്. ‘അവള് അപ്പടി താന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെഎസ് മണികണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സില്‍ക് സ്മിതയുടെ ജീവിതത്തിലെ വഴിത്തിരിവുകളും വിശദാംശങ്ങളും സിനിമയിലുണ്ടാവുമെന്ന് സംവിധായകന് പറയുന്നു.
ഗായത്രി ഫിലിംസിലെ ചിത്ര ലക്ഷ്മണന്, മുരളി സിനി ആര്‍ട്സിലെ എച്ച് മുരളി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സില്‍ക്ക് സ്മിതയായി അഭിനയിക്കാന്‍ അനുയോജ്യയായ താരത്തിനായി തേടുകയാണ് അണിയറപ്രവർത്തകർ.



