മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണൻ ഓർമ്മയായിട്ട് 11 വർഷം

മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച എം ജി രാധാകൃഷ്ണന്റെ ഓർമ്മകൾക്ക് 11ആണ്ട് കൂടി. 2010 ജൂലൈ രണ്ടിന് കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ പാട്ടുകൾക്ക് മരണമില്ല. സംഗീത സംവിധായകന്‍, കര്‍ണാടക സംഗീതജ്ഞന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം ജി രാധാകൃഷ്ണന്‍ ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ലളിതഗാനങ്ങള്‍ ചലച്ചിത്ര ഗാനങ്ങളോളം തന്നെ ജനപ്രിയവും കേരളത്തിലെ കലോത്സവ വേദികളില്‍ നിറഞ്ഞ് നിന്നവയുമായിരുന്നു. 1962ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി ജോലി ആരംഭിച്ച രാധാകൃഷ്ണൻ, ദീർഘകാലം ആകാശവാണിയിൽ സംഗീതസംവിധായകനായും ജോലി ചെയ്തു. ആകാശവാണിയില്‍ ലളിതഗാനം പാടി പഠിപ്പിക്കുന്ന പരിപാടിയിലൂടെ അദ്ദേഹത്തിന്‍റെ ശബ്ദം പ്രശ്സതമായി. അവിടുന്ന് സിനിമയിലേക്ക് ചേക്കേറി. ഗായകനായാണ് സിനിമയിലേക്ക് വന്നതെങ്കിലും സംഗീതസംവിധാനരംഗത്താണ് അദ്ദേഹം പ്രശസ്തനായത്. കള്ളിച്ചെല്ലമ്മയിലെ “ഉണ്ണീ ഗണപതിയെ” ആയിരുന്നു സിനിമയിൽ ആദ്യമായി ആലപിച്ച ഗാനം. 1978ൽ പുറത്തിറങ്ങിയ ജി അരവിന്ദന്റെ തമ്പ് ആയിരുന്നു രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ആദ്യ ചിത്രം.

തുടർന്ന് ചാമരം, ഞാൻ ഏകനാണ്, ജാലകം, രാക്കുയിലിൻ രാഗസദസ്സിൽ, അയിത്തം, ദേവാസുരം, മണിച്ചിത്രത്താഴ്, അദ്വൈതം, മിഥുനം, അഗ്നിദേവന്‍, രക്ഷസാക്ഷികള്‍ സിന്ദാബാദ്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി എണ്‍പതിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനങ്ങള്‍ ഒരുക്കി. സംഗീത സംവിധാനത്തിന് 2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2006ല്‍ അനന്തഭദ്രം എന്ന ചിത്രത്തിനും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു.കെ എസ് ചിത്ര, ജി.വേണുഗോപാൽ, കെ എസ് ബീന, അരുന്ധതി തുടങ്ങി ഒട്ടേറെ ഗായകരെ മലയാള സംഗീത ലോകത്തേക്ക് ആദ്യമായി പരിചയപ്പെടുത്തിയതും എം ജി രാധാകൃഷ്ണനാണ്.

1940 ജൂലൈ 29-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് ജനിച്ചത്. ആലപ്പുഴ എസ് ഡി കോളേജിൽ നിന്നും കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്നും ഗാനഭൂഷണവും കരസ്ഥമാക്കി. കരള്‍രോഗത്തെ തുടര്‍ന്നു ദീര്‍ഘകാലം ചികിത്സയില്‍ ആയിരുന്ന അദ്ദേഹം 2010 ജൂലൈ 2ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

buy windows 10 pro