നാൽപതിനായിരത്തിലേറെ ഗാനങ്ങൾ, ആറു ദേശീയ പുരസ്‌കാരങ്ങൾ, സംഗീത പ്രേമികൾക്ക് തീരാനഷ്ടം ; വിടവാങ്ങിയത് രാജ്യം കണ്ട അതുല്യനായ കലാകാരൻ

വിവിധഭാഷകളിൽ നാൽപതിനായിരത്തിലേറെ ഗാനങ്ങൾ.നാലുഭാഷകളിലായി ആറു ദേശീയ പുരസ്‌കാരങ്ങൾ. രാജ്യം കണ്ട ഏറ്റവും അതുല്യനായ സംഗീത പ്രതിഭയായിരുന്നു എസ് പിബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്മണ്യം. ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടം പേട്ടയെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് എസ് പി ബി ജനിച്ചത്. ശ്രീപതി പണ്ഡിതതാരാധുല ബാലസുബ്രഹ്മണ്യം എന്നായിരുന്നു മുഴുവൻ പേര്. പ്രമുഖ ഹരികഥാകലാകാരനായിരുന്നു എസ് പി സമ്പാമൂർത്തിയായിരുന്നു ബാലുവിന്റെ ആദ്യ ഗുരു.ഹാർമോണിയവും ഓടക്കുഴലും വായിക്കാൻ പഠിപ്പിച്ചതും പിതാവു തന്നെ. എഞ്ചിനീയറിംഗ് പഠനത്തിന്ന് ചേർന്നെങ്കിലും പാതിവഴിയിൽ സംഗീതത്തിലേക്ക് തിരിയുകയായിരുന്നു.

മദ്രാസ് കേന്ദ്രമാക്കി ഒരു തെലുങ്കു സാംസ്‌കാരിക സംഘടന നടത്തിയ സംഗീത പരിപാടിയിലെ മികച്ച ഗായകനായി തെരഞ്ഞെടുത്തതോടെ ബാലുവിന് ചലച്ചിത്ര രംഗത്തേക്കുള്ള വാതിൽ തുറന്നു.1966 ൽ എസ് പി കോദണ്ഡപാണിയുടെ സംഗീതത്തിൽ ശ്രീ ശ്രീ മര്യാദരാമണ്ണ എന്ന ചിത്രത്തിൽ പാടിക്കൊണ്ട് തൻരെ ചലച്ചിത്രഗാനാലാപനത്തിന് ബാലു തുടക്കമിട്ടു. തുടർന്നിങ്ങോട്ട് 11 ഇന്ത്യൻ ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങൾ. തമിഴ്, തെലുങ്ക്, കന്നഡ, തുളു, ആസാമി, ഒറിയ, മണിപ്പൂരി, ഹിന്ദി, പഞ്ചാബി എന്നീ ഭഷകളിൽ ഏറ്റവുമധികം ഗാനങ്ങൾ പാടിയ ഗായകനാണ് എസ്പിബി. ഏറ്റവുമധികം സിനിമാഗാനങ്ങൾ ആലപിച്ച ഗായകനെന്ന ഗിന്നസ് റെക്കോർഡിന് ഉടമകൂടിയാണ് ഈ ശബ്ദമാന്ത്രികൻ.

SPB with Yesudas

ഇന്ത്യയിലെ പ്രമുഖരായ എല്ലാ സംഗീതസംവിധായകരും എസ്പിബിക്ക് ഗാനങ്ങൾ നൽകിയിട്ടുണ്ട്. പാടിയപാട്ടുകളെല്ലാം തന്നെ ആരാധകരെ സ്പർശിക്കുകയും ചെയ്തിട്ടുണ്ട്. തെന്നിന്ത്യൻ സംഗീതപ്രേമികൾ നെഞ്ചിലേറ്റിയ കൂട്ടുകെട്ടാണ് എസ്പിബി ഇളയരാജ ടീമിന്റേത്. കാലപ്പഴക്കത്തിൽ വീര്യമേറുന്ന വീഞ്ഞുപോലെ എന്നും നിലനിൽക്കുന്ന ഒത്തിരി ഗാനങ്ങൾ.

ശങ്കരാഭരണത്തിലെ ശസ്ത്രീയ സംഗീതത്തിലൂടെ ആസ്വാദകരെ നിശ്ചലരാക്കിയ ഈ മഹാഗായകൻ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല എന്നു വിസ്വസിക്കാൻ ഇന്നും പ്രയാസമാണ്. രാധികയ്‌ക്കൊപ്പം കേളടി കൺമണിയിൽ ഒറ്റശ്വാസത്തിൽ പാടിയഭിനയിച്ച മണ്ണിൽ ഇന്ത കാതൽ. മേഘങ്ങളോലം ഉയർന്നു നിൽക്കുന്ന ഇളയനിലാ, മലയാളത്തിലെ എക്കാലത്തെയും മികച്ച ഖവാലിയായ സ്വർണ മീനിന്റെ ചേലൊത്ത പെണ്ണാളേ, അരച്ച സന്ദനം,മലരേ മൗനമാ, കാതൽ റോജാവേ, സുന്ദരി കണ്ണാൽ ഒരു സെയ്തി, മരിക്കാത്ത കാൽപനികത മലയാളികൾക്ക് സമ്മാനിച്ച താരാപദം ചേതോഹരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്രയും ഗാനങ്ങളിലൂടെ ആരാധകരുടെ കേൾവിയിൽ മധുരം നിറച്ച ഭാവഗായകൻ.

പ്രണയവും, വിരഹവും, വീരവും, ആഘോഷവും, വിപ്ലവവുമെല്ലാം നിസ്സാരമായ പാടിഫലിപ്പിച്ച മഹാപ്രതിഭയായിരുന്നു എസ് പി ബി.ഒറ്റ ദിവസത്തിൽ ഇരുപത്തിയൊന്നു പാട്ടുകൾ . 1981 ഫെബ്രുവരി 8ന് രാവിലെ 9 മുതൽ വൈകീട്ട് 9 വരെയുള്ള 12 മണിക്കൂറിലാണ് അദ്ദേഹം ഉപേന്ദ്ര കുമാറെന്ന് സംഗീതസംവിധായകന് വേണ്ടി 21 കന്നഡ ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്തത്. മാതൃഭാഷയിൽ പോലുമായിരുന്നില്ല ഈ പ്രകടനം.പിന്നീട് ഒരു ദിവസം 19 തമിഴ് ഗാനങ്ങൾ മറ്റൊരു ദിവസം 16 ഹിന്ദി ഗാനങ്ങൾ അങ്ങനെയങ്ങനെ സംഗീതലോകത്തിന് എന്നും അത്ഭുതമായിരുന്നു എസ് പിബി. ഇത്ര പെട്ടെന്ന് അന്യഭാഷയിലെ പാട്ട് പഠിച്ചെടുക്കുന്ന മറ്റു ഗായകരെ കണ്ടിട്ടില്ലെന്ന് സംഗീത സംവിധായകരും പറയുന്നു.

പുരസ്‌കാര നേട്ടത്തിലും ഒട്ടും പിറകിലല്ല എസ് പി ബി. നാലുഭാഷകളിലായി ആറു ദേശീയ പുരസ്‌കാരങ്ങൾ. മികച്ച ഗായകനുള്ള ആന്ധ്രാ സർക്കാരിന്റെ നന്ദി അവാർഡ് 24 വട്ടം അദ്ദേഹത്തെ തേടിയെത്തി. ഏറ്റവും കൂടുതൽ സിനിമകളിലഭിനയിച്ച ഇന്ത്യൻ ഗായകനും എസ് പി ബി തന്നെ. തെലുങ്ക്, കന്നഡ, തമിവ് ഭാഷകളിലായി എഴുപത്തിരണ്ടോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും അറിയപ്പെട്ടിരുന്നു. ഇതിനിടെ നാലുഭാഷകളിലായി 46 സിനിമകൾക്ക് സംഗീതം നൽകുകയും ചെയ്തു.

ലാളിത്യമായിരുന്നു എസ്പിബിയുടെ മുഖമുദ്ര. ഒരിക്കൽ ഗാനമേളയ്ക്കിടെ തന്റെ ഗിറ്റാറിസ്റ്റിന് വീഴ്ച പറ്റിയപ്പോൾ അദ്ദേഹത്തെ തള്ളിക്കളയാതെ ചേർത്തുനിർത്തിക്കൊണ്ടുതന്നെ വേദിയെ കയ്യിലെടുത്ത മാന്ത്രികൻ. ആരോഗ്യപ്രശ്‌നങ്ങൾ ഇടക്കിടെ തളർത്തിയെങ്കിലും വീണ്ടും ഉയർത്തെണീറ്റ് അദ്ദേഹം സംഗീതത്തെ മുറുകെപ്പിടിച്ചു. അഞ്ചുപതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാരംഗത്ത് നിറ സാന്നിധ്യമായിരുന്ന ബഹുമുഖപ്രതിഭയെയാണ് ഇന്ന് നമുക്ക് നഷ്ടമായത്. സഹഗായകരും ആരാധകരും കണ്ണീരോടെയാണ് പ്രിയ ഗായകന് വിടനൽകിയത്. ചലച്ചിത്ര പിന്നണിഗാനരംഗത്തെ മഹാത്ഭുതത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ഓർമ്മകൾ പങ്കുവച്ച് നിരവധി സംഗീതജ്ഞരും രംഗത്തെത്തി. 2020 ന്റെ നഷ്ടങ്ങളുടെ പട്ടികയിലേക്ക് ചേക്കേറിയെങ്കിലും എസ് പി ബാലസുബ്രഹ്മണ്യമെന്ന പേരും അദ്ദേഹം ജീവൻ നൽകിയ ഗാനങ്ങളും എന്നെന്നും നിലനിൽക്കുമെന്ന് ആരാധകർ പറയുന്നു.