മിനി സ്ക്രീനിലൂടെ തുടങ്ങി ബിഗ് സ്ക്രീനിൽ എത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ലെന. വ്യത്യസ്തവും ശക്തവുമായ വേഷങ്ങള്‍ക്കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത നടിയാണ് ലെന. ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ഒരുപിടി നല്ല വേഷങ്ങള്‍ തന്നെ ലെന മലയാള സിനിമയ്ക്ക് സമ്മാനിച്ചിരുന്നു.
കഥാപാത്രങ്ങളിലെ വ്യത്യസ്തത മാത്രമല്ല, കിടിലൻ മേയ്ക്കോവറുകളിലൂടെയും താരം അതിശയിപ്പിക്കാറുണ്ട്. അടുത്ത കാലത്ത് താന്‍ തല മൊട്ടയടിച്ചതിന് ശേഷം ആളുകളില്‍ നിന്നുണ്ടായ പ്രതികരണവും പിന്നീട് തനിക്കുണ്ടായ അനുഭവങ്ങളും തുറന്നുപറയുകയാണ് നടി ഇപ്പോൾ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലെന കാര്യങ്ങൾ വ്യക്തമാക്കിയത്.
മൊട്ടയടിച്ചതിന് ശേഷം കേട്ട ഏറ്റവും വലിയ ചോദ്യം, ഷൂട്ടിംഗില്‍ നീ ഇനി എന്ത് ചെയ്യും എന്നായിരുന്നു. പക്ഷെ എനിക്ക് ഒരുപാട് വൈവിധ്യങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമാണ് ഈ തീരുമാനം അവസരം നല്‍കിയത്. മേക്ക്അപ്പ് ടീമിനും വിഗ് മേക്കേഴ്സിനും ഒരുപാട് നന്ദി,’ ലെന ഫേസ്ബുക്കിലെഴുതി.
അതിരന് എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്തെടുത്ത രണ്ട് ചിത്രങ്ങളും ലെന പങ്കുവെച്ചിരുന്നു. കഥാപാത്രത്തിന് വേണ്ടി വിഗ് ധരിച്ച ചിത്രവും വിഗില്ലാതെ നില്ക്കുന്ന ചിത്രവുമായിരുന്നു ഇത്. ‘ഈ രണ്ട് ചിത്രങ്ങളും ഒരു ദിവസം എടുത്തതാണ്. അതിരനിലെ രേണുക എന്ന കഥാപാത്രത്തിനു വേണ്ടിയുള്ള ലുക്ക് ആണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രം ഷൂട്ടിന്റെ പാക്ക്അപ്പിന് ശേഷം എടുത്തതും.
ആടുജീവിതം, ആര്‍ട്ടിക്കിള്‍ 21, അടുക്കള, നാന്‍സി റാണി, ഖല്‍ബ്, ഭീഷ്മ പര്‍വം തുടങ്ങി നിരവധി ചിത്രങ്ങളാണ് ലെനയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.സാജന് ബേക്കറി, ബ്ലാക് കോഫി എന്നീ ചിത്രങ്ങളിലാണ് ലെന അവസാനമായി എത്തിയത്.



