ആൻഫീൽഡിൽ ഇനിയും ആഘോഷങ്ങൾ അവസാനിച്ചിട്ടുണ്ടാകില്ല. കാരണം ഇത് അവർ എഴുതിയ ചരിത്രമാണ്. ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച തിരിച്ചുവരവുമായി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചു. ആദ്യ പാദ സെമി ഫൈനലിൽ 3-0 ന്റെ ലീഡുമായി വന്ന ബാഴ്സലോണയെ ക്ലോപ്പിന്റെ ചുണക്കുട്ടികൾ ആൻഫീൽഡിൽ തകർത്തുവിട്ടു. ആദ്യ പാദത്തിൽ 3 ഗോളിന്റെ ലീഡ് വഴങ്ങിയ ലിവർപൂൾ ഇങ്ങനെയൊരു തിരിച്ചുവരവ് നടത്തുമെന്ന് ഫുട്ബോൾ ആരാധകർ ആരും കരുതിയിട്ടുണ്ടാകില്ല, ലിവർപൂൾ ആരാധകർ ഒഴികെ ആരും! കാരണം അവർക്കറിയാം കളി ആൻഫീൽഡിൽ ആണ് അവിടെ അത്ഭുതം സംഭവിക്കും എന്നത്.

കളി തുടങ്ങി 7ആം മിനുറ്റിൽ ഒറിഗിയാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. ആദ്യ ഗോൾ മുതൽ തന്നെ അറ്റാകിംഗ് തുടർന്നുകൊണ്ടിരുന്ന ലിവർപൂൾ ആദ്യ പകുതി അവസാനിക്കുന്നത് വരെ 1-0 ന്റെ ലീഡിൽ ആയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ വൈനാൽഡം ബാഴ്സയെ ഞെട്ടിച്ച് 2 മിനുറ്റിനുള്ളിൽ 2 തകർപ്പൻ ഗോളുമായി ലിവർപൂളിനെ ഒപ്പമെത്തിച്ചു. 54,56 എന്നീ മിനുറ്റുകളിൽ ആയിരുന്നു വൈനാൽഡത്തിന്റെ ഗോളുകൾ. ഇതോടെ അഗ്രിഗേറ്റ് സ്കോർ 3-3 ആയി. 79ആം മിനുറ്റിൽ ഒറിഗി ബാഴ്സയുടെ മേലെ അവസാന ആണിയും അടിച്ചതോടെ ആൻഫീൽഡ് പൂരപ്പറമ്പിന്റെ പ്രതീതിയായി. ഒരുപക്ഷെ അതിനേക്കാൾ ഗംഭീരം എന്ന് തന്നെ പറയാവുന്ന പ്രതീതി!

ഇത് തുടർച്ചായ രണ്ടാം തവണയാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ കടന്നെങ്കിലും റയൽ മാഡ്രിഡിനോട് തോൽക്കുകയായിരുന്നു. ഇത്തവണ ക്ലോപ്പിന്റെ കുട്ടികൾ ചരിത്രം സൃഷ്ടിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകരും ഫുട്ബോൾ ലോകവും.
