മാരാ നിരാശപ്പെടുത്തിയെന്ന് ആരാധകൻ; അടുത്ത തവണ മെച്ചപ്പെടുത്താമെന്ന് മാധവൻ

മലയാളത്തിൽ ദുൽഖർ സൽമാൻ നായകനായെത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 2015 ൽ റിലീസ് ചെയ്ത ചാർലി. പാർവതി നായികയായെത്തിയ ചിത്രം ഇന്നും ആരാധകരുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ്.

ചിത്രത്തിന്റ തമിഴ് പതിപ്പാണ് മാരാ. മാധവന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഒടിടി റിലീസിനെത്തിയത്. മാധവന്‍ ചാര്‍ലിയായി എത്തിയപ്പോള്‍ പാര്‍വതി അവതരിപ്പിച്ച കഥാപാത്രമായ ടെസ്സയായി എത്തിയത് ശ്രദ്ധ ശ്രീനാഥാണ്.

എന്നാൽ മലയാളത്തിലേതു പോലെ മികച്ച അഭിപ്രായമല്ല തമിഴ് റീമേക്കിന് ലഭിച്ചത്. മാധവൻ നിരാശപ്പെടുത്തിയെന്നാണ് ആരാധകരുടെ പ്രതികരണം. ശരാശരിയിലും താഴെയാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. നിരവധിപ്പോരാണ് നിരാശയറിയിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

ആദ്യ മുപ്പത് മിനുട്ടിന് ശേഷം സിനിമ അരോചകമാണെന്നും മാധവന്റെ പ്രകടനം നിരാശപ്പെടുത്തിയെന്നുമുള്ള ആരാധകന്റെ ട്വീറ്റിന് മറുപടിയുമായി മാഡി തന്നെ എത്തി. നിരാശപ്പെടുത്തിയല്‍ ക്ഷമിക്കണം സഹോദരാ, അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. എന്നായിരുന്നുമറുപടി. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.