കിം കി ഡൂക്ക്- ഒരേ സമയം വിവാദങ്ങളുടേയും വികാരങ്ങളുടേയും നായകൻ; പ്രേക്ഷകരെ പിടിച്ചുലച്ച പച്ചയായ ദൃശ്യാവിഷ്കാരങ്ങൾ, വിടവാങ്ങിയത് കേരളത്തിന്റെ സ്വന്തം കിം

ലോകസിനിമാ ഭൂപടത്തിൽ ദക്ഷിണ കൊറിയ എന്ന രാജ്യത്തെ അടയാളപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ച സംവിധായകനാണ് കിം കി ഡൂക്ക്. ലോകരാഷ്ട്രങ്ങളിലെ സിനിമാപ്രേമികൾ കിമ്മിന്റെ സിനിമകളിലൂടെ പുതിയ കാഴ്ച ശീലങ്ങൾ പരിചയിച്ചപ്പോൾ ഇവിടെ കൊച്ചു കേരളത്തിൽ ആരാധകർ‌ സ്വന്തമാക്കിയ വിശ്വ സംവിധായകനായി കിം മാറുകയായിരുന്നു. മലയാളികൾ നെഞ്ചിലേറ്റിയ വിദേശ ചലച്ചിത്രകാരുടെ എണ്ണമെടുത്താൽ ആദ്യ സ്ഥാനത്തെ പേരുകളിൽ തന്നെ കിം ഉണ്ടാകും.

Kim Ki Duk

തെക്കൻ കൊറിയയിൽ വടക്കൻ ഗ്യോങ് സാങ് പ്രൊവിൻസിലെ ബോംഘ്വയിലാണ് കിമ്മിന്റെ ജനനം. സിനിമ എന്ന മാധ്യമത്തെ ഒരിക്കൽ പോലും കാണാൻ കഴിയാത്ത ബാല്യ കൗമാരങ്ങളും അരക്ഷിതമായ ജീവിത സാഹചര്യങ്ങളും കടന്ന് കിം പാരീസിലെത്തി. ചിത്രകലയായിരുന്നു ലക്ഷ്യമെങ്കിലും അവിടെ വച്ച് ജീവിതത്തിലാദ്യമായി കണ്ട സിനിമ എന്ന കാലാരൂപം കിമ്മിനെ ആകർഷിക്കുകയായിരുന്നു. പിന്നീട് ചരിത്രം പറയുംപോലെ സിനിമയായിരുന്നു ആ ജീവിതം.

1996ൽ ക്രോക്കഡൈൽ എന്ന ചിത്രവുമായി കിം സംവിധായകനായി അരങ്ങേറ്റം നടത്തി. പിന്നീട് തുടർവർഷങ്ങളിലും കിം ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തി. വൈല്‍ഡ് ആനിമല്‍സ്, ബേഡ്കേജ് ഇന്‍, ദി ഐല്‍, അഡ്രസ് അണ്‍നോണ്‍, ബാഡ് ഗയ്, ദി കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ കിം മുന്നോട്ടുവച്ച പ്രമേയം ഒരേസമയം രൂക്ഷ വിമർശനവും അംഗീകാരവും നേടുകയായിരുന്നു. മനുഷ്യൻ ഒരു ഹിംസാത്മക ജീവിയാണെന്ന് തന്റെ പലചിത്രങ്ങളിലൂടെയും കിം സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ പൊതുസമൂഹത്തെ ഭയന്ന് സാധാരണ മനുഷ്യർ ഉള്ളിലടിച്ചമർത്തിവച്ച വികാരങ്ങളേയും വിചാരങ്ങളേയും കിം നിർവചിക്കാൻ‌ കൂടി ശ്രമിച്ചിരുന്നുവെന്ന് ആരാധകർ ആ സിനിമകളിലൂടെ വായിച്ചു.

മറയില്ലാത്ത സെക്സും, വയലൻസും, ബ്ലാക്ക് ഹ്യൂമറും നിറഞ്ഞ സിനിമകൾക്ക് ദക്ഷിണ കൊറിയയിലെ ആസ്വാദകർക്കിടയിൽ അധികം സ്വീകാര്യത ലഭിച്ചില്ല. എന്നാൽ പരമ്പരാഗത രീതികളെ എന്നും വെല്ലുവിളിക്കാൻ ധൈര്യം കാട്ടിയിരുന്ന പാശ്ചാത്യലോകം ആ പ്രമേയങ്ങളെ ഏറ്റെടുത്തു. അന്തർദേശീയ ചലച്ചിത്രമേളകളിലൂടെ കിം ചിത്രങ്ങൾ ആഘോഷിക്കപ്പെട്ടു. ഒപ്പം അംഗീകാരങ്ങളും തേടിയെത്തി.

2003 ൽ ഇറങ്ങിയ സിപ്രിംഗ് സമ്മർ ഫാൾ വിന്‌റർ ആന്റ് സ്പ്രിംഗ് എന്ന ചിത്രത്തിലൂടെ കിം എന്ന സംവിധായകൻ ലോക സിനിമാഭൂപടത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. മുൻകാല ചിത്രങ്ങളിൽ നിന്നുമാറി ആധ്യാത്മികതയും ലൗകികതയും കലർന്ന ജീവിതത്തിലേക്ക് ക്യാമറ തിരിച്ച് കിം വിജയം കൈവരിക്കുകയായിരുന്നു എന്നും പറയാം. പിന്നീടുവന്ന ചിത്രങ്ങളിലും കിം തന്റേതായ വഴികളിലൂടെ മാത്രം സ‍ഞ്ചരിച്ചു. സമരിറ്റൻ ഗേളിലൂടെ ബെർലിൻ ചലച്ചിത്രമേളയിലും ത്രി അയേണിലൂടെ വെനീസ് ചലച്ചിത്രമേളയിലും മികച്ച സംവിധായകനായി തെര‍ഞ്ഞെടുക്കപ്പെട്ടു. 2011 ൽ കാൻഫെസ്റ്റിവെലിൽ അരിറാംഗ് എന്ന ഡോക്യമെന്ററിലിലൂടെ അതേ നേട്ടം ആവർത്തിച്ചതോടെ മൂന്ന് പ്രധാന യൂറോപ്യൻ മേളകളിലും പുരസ്കാരം നേടുന്ന ആദ്യ ദക്ഷിണകൊറിയൻ സംവിധാകനായി കിം.

Kim Ki Duk with Oommen Chandy at IFFK

കേരളമെന്ന കൊച്ചു സംസ്ഥാനം കിംമ്മിനു നൽകിയ സ്വീകാര്യത മറ്റൊരു ലോകരാഷ്ട്രങ്ങളും നൽകിക്കാണാൻ ഇടയില്ലാത്തവിധമായിരുന്നു. 2005 ഐഎഫ്എഫ്കെയിൽ അദ്ദേഹത്തിന്റെ അഞ്ചു ചിത്രങ്ങളാണു പ്രദർശിപ്പിച്ചത്– സാമരിറ്റൻ ഗേളും, ത്രികോണ പ്രണയത്തിന്റെ തീവ്രത പകർന്നു നൽകിയ ത്രീ അയേണും, ബാഡ് ഗയും സ്പ്രിങ് സമ്മർ ഫോൾ, വിന്റർ ആൻഡ് സ്പ്രിങ്ങും ദ് ബോയും. പിന്നീടുള്ള ഓരോ വർഷവും ചലച്ചിത്രമേളകളിൽ കിം ചിത്രങ്ങൾക്കായി ആരാധകർ കാത്തിരുന്നു. 2013 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായ സിനിമാപ്രേമികളുടെ ആവേശം മുഴുവൻ അന്ന് അതിഥിയായെത്തിയ കിം കി ഡൂക്ക് എന്ന ചലച്ചിത്രകാരനെ ചുറ്റിയായിരുന്നു. ആ മേളയുടെ പ്രധാന ആകർഷണം തന്നെ കിമ്മായിരുന്നു.

Kim Ki Duk with Madhupal

എന്നാൽ പിയാത്തയും, മൊബിയസും പോലുള്ള ചിത്രങ്ങളിലെ ലൈംഗിക അതിപ്രസരവും, ക്രൂരതയും, രക്തച്ചൊരിച്ചിലുമൊന്നും താങ്ങാനാവാതെ പ്രേക്ഷകർ തീയേറ്ററുകളിൽ കുഴഞ്ഞുവീണു. പലരും പുറത്തേക്കോടി. അക്രമകാരിയായ ചലച്ചിത്രകാരനെന്ന് ലോകമാധ്യമങ്ങൾ കിമ്മിനെ വിശേഷിപ്പിച്ചു. ദക്ഷിണകൊറിയൻ സിനിമാലോകത്ത് ബാഡ് ഗയ് ആയിത്തന്നെ കിം അറിയപ്പെട്ടു. കിം ചിത്രങ്ങളിലെ പല രംഗങ്ങളും വിവാദമായി, വാർത്തകളിൽ ചൂടൻ തലക്കെട്ടുകളായി മാറി, രൂക്ഷവിമർശനങ്ങളാൽ നിറഞ്ഞു. എന്നാൽ മനസാന്നിധ്യമുള്ളവർ വീണ്ടും വീണ്ടും കിം ചിത്രങ്ങളുടെ പ്രദർശനശാലകളിലേക്ക് ഇരച്ചുകയറി. ചലച്ചിത്രമേളകളിൽ നിലത്തിരുന്നും തിക്കിത്തിരക്കിയും മലയാളി പ്രേക്ഷകർ കിം സിനിമകൾക്ക് കണ്ണും കാതും നൽകി. മലയാളികളുടെ സ്ഥിരം സദാചാരമൂല്യങ്ങളും, പൊതു ബോധവും, ലൈംഗികതയുടെ അതിർ വരമ്പുകളുമെല്ലാം മാറ്റിവച്ച് അവർ കിം ചിത്രങ്ങളെ ഏറ്റെടുത്തു. ഒപ്പം ഗൗരവത്തോടെ വിമർശിച്ചു. പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ കിം തന്നെ കാണാനെത്തിയ പ്രേക്ഷകരെകണ്ട് ഞെട്ടി. തെരുവുകളിലൂടെ നടക്കാനിറങ്ങിയ കിമ്മിനെ തിരിച്ചറിഞ്ഞ, ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ ഉച്ചത്തിൽ കിമ്മിന് ജന്മദിനാശംസകൾ നേർന്ന മലയാളിപ്രേക്ഷകരുടെ സ്നേഹത്തിനുമുന്നിൽ മുന്നിൽ ആ സംവിധായകൻ കൈകൂപ്പി. ദ്വിഭാഷിയുടെ സഹായത്തോടെ തന്റെ ആരാധകരോട് സംവദിച്ചു. അവർക്കായി പാട്ടുപാടി.

Autograph of Kim

ഡ്രീം എന്ന ചിത്രത്തിലെ നായികയുടെ തൂങ്ങിമരണം ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച അപകടം കിമ്മിനെ തളർത്തി. കഴുത്തിൽ കുരുക്കുമുറുകിയ നായികയെ കിം തന്നെ രക്ഷപ്പെടുത്തുകയായിരുന്നു. ചിത്രം ലോകപ്രശസ്തമായെങ്കിലും കിം വിഷാദലോകത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. പിന്നീട് മൂന്നുവർഷക്കാലം അരിരാംഗ് മലനിരകളിൽ ഏകാന്ത ജീവിതം. താനനുഭവിച്ചറിഞ്ഞ ഏകാന്തതയുടെ ലോകത്തെ അതിജീവനത്തെ കിം ക്യാമറയിൽ പകർത്തി ലോകത്തിനുമുന്നൽ പ്രദർശിപ്പിച്ചു. അരിരാംഗ് എന്ന് പേരിലിറങ്ങിയ ഡോക്യമെന്ററിയെപ്പറ്റി കിം പറയുന്നതിങ്ങനെയാണ്. ‘പ്രകൃതിയോടു നന്ദി പറയാൻ പഠിപ്പിച്ച നാളുകൾ, മനുഷ്യനെപ്പറ്റി ഞാൻ തന്നെ പഠിച്ച പാഠങ്ങൾ, അതാണ് അരിരാംഗ്.”

With director Kamal

ദി നെറ്റ്, ഹ്യൂമൻ സ്പേസ് ടൈം ആന്റ് ഹ്യൂമൻ, തുടങ്ങി വീണ്ടും ചിത്രങ്ങളുമായി കിം പ്രേക്ഷകരിലേക്കെത്തി. സിനിമകളിലെ പ്രമേയത്തിന്റെ പേരിൽ മാത്രമല്ല നിലപാടുകളുടെ പേരിലും വിവാദനായകനായി കിം മാറിയിരുന്നു. മൊബിയസിൽ അഭിനയിച്ച നടിതന്നെ കിമ്മിനെതിരെ ആരോപണവുമായി രംഗത്തുവന്നു. ചിത്രത്തിലെ പലരംഗങ്ങളിലും അഭിനയിക്കാൻ കിം നിർബന്ധിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്തെന്ന് അവർ പരാതിയുമായെത്തി. എന്നാൽ കൂടുതൽ നടപടികളൊന്നും ഈ വിഷയത്തിൽ നേരിട്ടതായി പറയുന്നില്ല. ആ സമയത്ത് കിം പൊതുവേദികളിൽ നിന്ന് അകന്നുനടന്നിരുന്നു. ദക്ഷിണകൊറിയയിൽ കിമ്മിന് ലഭിച്ച സ്വീകാര്യത എന്നും വളരെ കുറവായിരുന്നു. തുടർന്ന് കിം നടത്തിയ പച്ചയായ ആവിഷ്കാരങ്ങളിൽ പലതിനും കത്രിക വീഴുകയും ചെയ്തു.എന്നാൽ അനധികൃതമായി ഡൗൺലോഡ് ചെയ്തും തന്റെ ചിത്രങ്ങൾ കാണാനാണ് കിം പ്രേക്ഷകരോട് പറഞ്ഞിരുന്നത്. 2019 ൽ പുറത്തിറങ്ങിയ ഡിസോൾവ് ആയിരുന്നു കിമ്മിന്റെ അവസാന ചിത്രം.

തന്റെ ആറുപതാം വയസിൽ വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ വച്ചാണ് കിം ലോകത്തോട് വിടപറഞ്ഞത്. കഴിഞ്ഞ മാസം ലാത്വിയയിലെത്തിയ കിം കൊവിഡ് ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിലായിരുന്നു. സ്വന്തം നാട് തിരസ്കരിച്ചിട്ടും രണ്ടു പതിറ്റാണ്ടിലധികം ലോകസിനിമയിൽ തന്റേതായ ഇടമുറപ്പിച്ച സംവിധായകനാണ് കിം കി ഡൂക്ക്. കലയിലും ജീവിതത്തിലുമെല്ലാം വിവാദങ്ങൾ സൃഷ്ടിച്ച മനുഷ്യൻ. രൂക്ഷവിമർശനങ്ങളെയും ലളിതമായ മറുപടികളോടെ നേരിട്ടു. ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ നിന്ന് മുഖമൊളിപ്പിച്ചു നടന്നു. എങ്കിലും സിനിമാപ്രേമികൾ കിമ്മിനെ ചേർത്തു നിർത്തി. സാധാരണക്കാരന് യോജിക്കാനാകാത്ത പ്രമേയങ്ങളും കാഴ്ചകളുമായി പല കിം ചിത്രങ്ങളും എത്തിയെങ്കിലും അതെല്ലാം മാറ്റി നിർത്തി മലയാളി കിമ്മിനെ സ്വീകരിച്ചു. പ്രശസ്തനായ ഒരു ദക്ഷിണ കൊറിയൻ സംവിധായകന്റെ മരണമായല്ല. മറിച്ച് ലോകസിനിമകളെ സ്നേഹിച്ച മലയാളി പ്രേക്ഷകരുടെ തീരാ നഷ്ടങ്ങളിലൊന്നായി അവർ കിമ്മിന്റെ മരണത്തെ അടയാളപ്പെടുത്തി.