ഞെട്ടിത്തരിച്ച് പീലിമോളും കുടുംബവും; സർപ്രൈസ് ഒരുക്കി മമ്മൂക്ക

പിറന്നാളിനു വിളിക്കാത്ത മമ്മൂക്കയോടു പിണങ്ങിക്കരയുന്ന പീലിമോളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോളിതാ കുട്ടിക്കുറുമ്പിക്ക് സർപ്രൈസ് നൽകിയിരിക്കുകയാണ് മമ്മൂക്ക. അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുന്ന പീലിമോളുടെ വീട്ടിലേക്ക് മമ്മൂക്കയുടെ വക കിടിലൻ കേക്കും പുത്തനുടുപ്പും സമ്മാനങ്ങളുമെത്തുകയായിരുന്നു.

കേക്കില്‍ എഴുതിയ വാക്കുകള്‍ കണ്ട് എല്ലാവരും ഞെട്ടി. ‘ഹാപ്പി ബര്‍ത്ത്‌ഡേയ് പീലിമോള്‍ , വിത്ത് ലവ് മമ്മൂട്ടി ‘. തന്റെ ജന്മദിനത്തില്‍ ‘കരഞ്ഞു വാശി പിടിച്ച ‘ കുസൃതികുടുക്കയെ മെഗാസ്റ്റാർ ശരിക്കും ഞെട്ടിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ തയ്യാറാക്കിയ കേക്ക് മാറ്റിവച്ച് മമ്മൂക്ക നൽകിയ കേക്ക് മുറിച്ചാണ് പിറന്നാളാഘോഷിച്ചത്. കൊച്ചിയിലെ യുവ ഫാഷന്‍ ഡിസൈനാറായ ബെന്‍ ജോണ്‍സണ്‍ പ്രത്യേകം നെയ്‌തെടുത്ത മനോഹരമായ ഉടുപ്പും പിറന്നാളുകാരിക്ക് സമ്മാനിച്ചിരുന്നു അദ്ദേഹം.

വീഡിയോകോളിലൂടെ കുഞ്ഞിക്കുറുമ്പിക്ക് ആശംസയുമായി മമ്മൂക്കയുമെത്തി. മമ്മൂക്കയെ കണ്ടതും പീലി നാണം കുണുങ്ങി.ജന്മദിനത്തിൽ മമ്മൂട്ടി കേക്കുമുറിക്കുന്ന വീഡിയോ കണ്ട കുഞ്ഞ് പിണങ്ങി കരയുകയായിരുന്നു.കരച്ചിൽ വീഡിയോ ശ്രദ്ധയില്‍ പെട്ട മമ്മൂട്ടിയാകട്ടെ അതു സോഷ്യല്‍ മീഡിയയില്‍ പങ്കു വക്കുകയും ചെയ്തു.
പെരിന്തൽമണ്ണ സ്വദേശികളായ ഹമീദ് – സജ്‌ല ദമ്പതികളുടെ മകളാണ് പീലി എന്നു വിളിപ്പേരുള്ള ദുഅ.