മമ്മുട്ടിയുടെ അനിയനായും ദുൽഖറിന്റെ ചേട്ടനായും അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മനോജ് കെ ജയൻ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘സല്യൂട്ട്’. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ എത്തുന്നത്. മമ്മൂട്ടിയുടെ അനിയനായും ഇപ്പോൾ ദുൽഖറിന്റെ ചേട്ടനായും അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമായത്. ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനി തന്നെയാണ് സല്യൂട്ടിന്റെ നിർമ്മാണം.

ഐപിഎസ് ഓഫീസറായ അരവന്ദ് കരുണാകരന്‍ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. 2005ല്‍ രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായും 2021 ഇൽ ദുൽഖറിന്റെ ചേട്ടനായും അഭിനയിക്കാൻ കഴിയുന്നത് അപൂർവ ഭാഗ്യമാണ് എന്നും മനോജ് കെ ജയൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും മനോജ് സാമൂഹിക മാധ്യമത്തിൽ കുറിപ്പിനൊപ്പം പങ്ക് വച്ചിട്ടുണ്ട്.

ഒപ്പം സംവിധായകൻ റോഷനും, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്‌ക്കും മനോജ് കെ ജയൻ നന്ദി അറിയിക്കുന്നു. നവ മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കള്‍ ആണ് അവര്‍ എന്നും അദ്ദേഹം എടുത്ത് പറയുന്നുണ്ട്. ട്രാഫിക് എന്ന സിനിമയ്ക്ക് ശേഷം ബോബി സഞ്ജയ് ഒരുക്കുന്ന പോലീസ് പശ്ചാത്തലം ഉള്ള കഥ എന്ന പ്രത്യേകതയും സല്യൂട്ടിനുണ്ട്.