മലയാള സിനിമകളിലെ പ്രധാന ലൊക്കേഷനുകളിലൊന്നാണ് വരിക്കാശേരി മന. വരിക്കാശ്ശേരി മനയെന്ന് കേട്ടാല്‍ പ്രേക്ഷകർ ആദ്യമോർക്കുന്നത് ദേവാസുരത്തിലെ ‘മംഗലശ്ശേരി നീലകണ്ഠനും’ നരസിംഹത്തിലെ ‘പൂവള്ളി ഇന്ദുചൂഡനു’ മൊക്കെയാണ്.
ഒരിടവേളയ്ക്കു ശേഷം വരിക്കാശേരിയിലെത്തിയ മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ ‘ആറാട്ടി’ന്‍റെ ചിത്രീകരണത്തിനിടെയാണ് ലാല്‍ തന്‍റെ പ്രിയ ലൊക്കേഷനില്‍ വീണ്ടും എത്തിയത്.
താരത്തിന്‍റെ അടുത്ത സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മനയുടെ പൂമുഖത്തെ ചാരുകസേരയില്‍ ഇരിക്കുന്ന ലാലിന്‍റെ ചിത്രം പങ്കുവച്ചത്.




