മരക്കാർ റിലീസ് നീളും, ആറാട്ട് ഓണത്തിന് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ; തിയറ്ററുകൾ സജീവമാകുന്നു

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന മോഹൻലാൽ പ്രിയദർശൻ ചിത്രത്തിന്റെ റിലീസ് വീണ്ടും നീളാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഈ മാസം രണ്ടിനാണ് നിര്‍മ്മാതാവ് ചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച് 26ന് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രത്യേക സാഹര്യത്തിൽ മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്താല്‍ റംസാന്‍ മാസം ആരംഭിക്കുന്നതിനു മുന്‍പ് കുറച്ച് സമയം മാത്രമേ ചിത്രത്തിന് തീയറ്ററിൽ ലഭിക്കൂ എന്നും ഇത് കളക്ഷനെ ബാധിക്കാൻ ഇടയുണ്ട് എന്നും കണക്കിലെടുത്താണ് റിലീസ് നീട്ടി വെച്ചത്.

റംസാന്‍ കഴിയുന്നതോടെ പെരുന്നാള്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കലാണ് സാധ്യത എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പ്രിയദർശൻ ഇപ്പോൾ സ്ഥലത്ത് ഇല്ലാത്തതും റിലീസ് നീളാൻ കാരണം ആകുന്നുണ്ടെന്നാണ് വിവരം.

മോഹന്‍ലാല്‍ ചിത്രമായ ‘ആറാട്ട്’ ഓണത്തിന് എത്തിയേക്കുമെന്നാണ് കണക്കുകൂട്ടൽ. ഫെബ്രുവരിയോടെ ആറാട്ടിന്റെ ചിത്രീകരണം പൂർത്തിയാകും. റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം തിയറ്ററുകൾ തുറന്ന് വരികയാണ് കേരളത്തിൽ. ആളുകൾ തിയറ്ററിൽ പഴയതുപോലെ മടങ്ങി എത്തുമോ എന്ന ആശങ്കയും നിലവിലുണ്ട്. ഒപ്പം കൊറോണയുടെ വ്യാപന തോത് കേരളത്തിൽ വർധിക്കുന്നതും സിനിമ വ്യവസായത്തിന് പ്രതിസന്ധിയാണ്. വമ്പൻ താര ചിത്രങ്ങൾ തിരിച്ചുവരവ് കൂടുതൽ എളുപ്പം ആകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.