പ്രിയൻസാറിന്റെ വിളി ദൈവ വിളിയെന്ന് റോണി റാഫേൽ

പ്രിയദർശന്റെ ബോളിവുഡ് ചിത്രം ഹംഗാമ 2 ഈ മാസം 23ന് ഒടിടി റിലീസാകുകയാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് മലയാളിയാണ്. തനിക്ക് വന്ന ഭാഗ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റോണി റാഫേൽ. സംഗീത പ്രതിഭ ഒ വി റാഫേലിന്‍റെ മകന്‍ റോണി റാഫേല്‍ ഇന്നേറെ അഭിമാനത്തിലും സന്തോഷത്തിലുമാണ്. അപ്രതീക്ഷിതമായി തന്‍റെ ജീവിതത്തില്‍ വന്ന ഈ വലിയ നേട്ടത്തിന് പിന്നില്‍ പ്രിയദര്‍ശനാണെന്ന് റോണി റാഫേല്‍ പറയുന്നു.

Hungama 2 Official Trailer

ഓണത്തിന് റിലീസിന് ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം അഞ്ചുഭാഷകളിലും അഞ്ച് ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചത് റോണി റാഫേലാണ്. ഇപ്പോഴിതാ പ്രിയദര്‍ശനൊരുക്കുന്ന ബോളിവുഡ് ചിത്രം ഹംഗാമ 2 ന്പശ്ചാത്തല സംഗീതമൊരുക്കി റോണി റാഫേല്‍ ശ്രദ്ധേയനാകുന്നു.

‘പ്രിയന്‍ സാറിന്‍റെ ഹിന്ദി ചിത്രം സീ 5 ല്‍ റിലീസ് ചെയ്ത 40 മിനിട്ടുള്ള ‘അനാമിക’യ്ക്ക് വേണ്ടി സംഗീതം നിര്‍വ്വഹിച്ചപ്പോഴാണ് മരയ്ക്കാറിലെ
പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ പ്രിയന്‍സാര്‍ എനിക്ക് അവസരം നല്‍കിയത്.

മരയ്ക്കാറിലെ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്ന് പ്രിയന്‍സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ അന്ന് അതെനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പ്രിയൻസാറിന്റെ സപ്പോർട്ട് കൊണ്ടാണ് അത് ചെയ്യാൻ കഴിഞ്ഞത്. ഗാനങ്ങളെക്കുറിച്ച്‌ നല്ല ധാരണയുണ്ട് പ്രിയന്‍സാറിന്. എല്ലാം കൃത്യമായിട്ട് പറഞ്ഞുതരും. ടെന്‍ഷനില്ലാതെ നമുക്ക് വര്‍ക്ക് ചെയ്യാം. എന്തുവേണം എന്തുവേണ്ട എന്ന് സാറിനറിയാം ഒട്ടും പേടി വേണ്ടയെന്നും റോണി പറയുന്നു.

പ്രിയന്‍സാറിനൊപ്പം ഞാന്‍ അഞ്ച് ചിത്രങ്ങളില്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്തു. അതെല്ലാം ദൈവാനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. ‘ഹംഗാമ 2 ല്‍ വെസ്റ്റേണ്‍ സ്റ്റൈലിലാണ് സംഗീതം ഒരുക്കിയത്. എല്ലാം പ്രിയന്‍സാറിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു.

ശരിക്കും ദൈവവിളിപോലെയാണ് പ്രിയന്‍സാര്‍ എന്നെ വിളിച്ചത്. വലിയ ഭാഗ്യം തന്നെയാണ്. പക്ഷേ വലിയ ഉത്തരവാദിത്വം കൂടിയാണത്. ജീവിതത്തിൽ വലിയൊരു ടേണിങ് പോയിന്‍റ് എനിക്ക് ലഭിച്ചതില്‍ ഞാന്‍ ദൈവത്തിനോടും
പ്രിയന്‍സാറിനോടും നന്ദി പറയുന്നു. താൻ നല്ലൊരു സംഗീതജ്ഞനാകണമെന്ന് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. അവിടേക്ക് എത്തുമ്പോൾ അമ്മ കൂടെയില്ലാത്തത് സങ്കടമാണെന്നും റോണി പറയുന്നു.

ജൂലൈ 23 ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. 300 കോടിക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്‍റെ അവകാശം സ്വന്തമാക്കിയത്.