ദേശീയ പുരസ്‌കാരം ഗുരുതുല്യരായ സംവിധായകർക്ക് സമർപ്പിക്കുന്നുവെന്ന് പ്രിയദർശൻ

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം ഗുരു തുല്യരായ സംവിധായകർ രമേശ് സിപ്പിക്കും ഡേവിഡ് ലീനിനും സമര്‍പ്പിക്കുന്നുവെന്ന് പ്രിയദര്‍ശന്‍. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിലെ വി എഫ് എക്സ് ഒരുക്കിയതിന് പ്രിയന്റെ മകൻ സിദ്ധാർഥിനും ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ച മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം വിഖ്യാത സംവിധായകരായ ‘ഷോലെ’ ഒരുക്കിയ രമേശ് സിപ്പിക്കും വലിയ ഫ്രെയിമുകള്‍ ഒരുക്കാന്‍ എന്നെ പഠിപ്പിച്ച ഡേവിഡ് ലീനിനും സമര്‍പ്പിക്കുന്നു. ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രിയൻ കുറിപ്പ് പങ്കുവെച്ചത്.

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മരക്കാര്‍ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

മെയ് 13 പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. നിലവില്‍ ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ പ്രിയദർശൻ ചെയർമാനായ ജനം ടി വി പൃഥ്വിരാജിനെ അധിക്ഷേപിച്ചതിനെ തള്ളി പ്രിയദർശൻ രംഗത്ത് വന്നിരുന്നു.