‘ദി പ്രീസ്റ്റ്’ സെറ്റിൽ മഞ്ജു വാര്യർക്ക് ഒപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ച് നിഖില വിമൽ

അടുത്തകാലത്ത് മലയാളികളുടെ മനസ് കീഴടക്കിയ അഭിനേത്രിയാണ് നിഖില വിമല്‍. ‘ദി പ്രീസ്റ്റാ’ണ് നിഖില പ്രധാന കഥാപത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ സുപ്രധാന മുഴുനീള കഥാപാത്രം ആണ് നിഖില കൈകാര്യം ചെയ്തത്. ഇപ്പോൾ ചിത്രത്തിന്റെ സെറ്റിൽ മഞ്ജു വാര്യരുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നിഖില. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില മനസ് തുറന്നത്.

ലാളിത്യം നിറഞ്ഞ വ്യക്തിയാണ് മഞ്ജു വാര്യര്‍ എന്നാണ് നിഖിലയുടെ അഭിപ്രായം. ‘ലാളിത്യം നിറഞ്ഞ വ്യക്തിത്വമാണ് മഞ്ജു ചേച്ചിയുടേത്. ലൊക്കേഷനില്‍ തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരെയോ സ്‌റ്റൈലിസ്റ്റിനെയോ ചേച്ചി കൊണ്ടുവന്നിരുന്നില്ല.സാരി ഉടുക്കാന്‍ സെറ്റിലെ സ്‌റ്റൈലിസ്റ്റുമാരാണ് ചേച്ചിയെ സഹായിച്ചത്. മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം,’ നിഖില പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ തന്റെ എല്ലാ ടെന്‍ഷനും ഇല്ലാതാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചെന്നും നിഖില പറഞ്ഞു. ‘മധുരം’, സിബി മലയില്‍ സംവിധാനത്തിലൊരുങ്ങുന്ന ‘കൊത്ത്’ എന്നിവയാണ് നിഖിലയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.