നിത്യ മേനോന്റെ കുട്ടികാലത്തെ ചിത്രം ഏറ്റെടുത്ത് ആരാധകർ

നിത്യ മേനോന്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ നായികമാരില്‍ ഒരാളാണ് നിത്യമേനോന്‍. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ ചിത്രങ്ങളിലെല്ലാം നിത്യ ഇതിനകം സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.

‘ദ മങ്കി ഹു ന്യൂ റ്റൂ മച്ച്‌’ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായി ആയിരുന്നു നിത്യയുടെ സിനിമ അരങ്ങേറ്റം. പിന്നീട് 2006ല്‍ കന്നട സിനിമകളില്‍ സഹതാരമായി പ്രത്യക്ഷപ്പെട്ട നിത്യ നായികയായി അരങ്ങേറ്റം കുറിക്കുന്നത് ‘ആകാശഗോപുരം’ എന്ന മലയാള സിനിമയിൽ ആയിരുന്നു. മോഹൻലാൽ ആയിരുന്നു സിനിമയിലെ പ്രധാന സഹതാരം.

ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ നിത്യയുടെ മലയാളചിത്രം ‘പ്രാണ’ ആണ്. ടി കെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്ന ചിത്രമാണ് നിത്യയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നട സിനിമാമേഖലകളിലും സജീവസാന്നിധ്യമാണ് നിത്യ. അക്ഷയ് കുമാര്‍ നായകനായ ‘മിഷന്‍ മംഗള്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും നിത്യ അരങ്ങേറ്റം കുറിച്ചിരുന്നു.

അഭിനേത്രി എന്നതിനൊപ്പം ഗായിക കൂടിയാണ് നിത്യ. സിനിമകളിലും ആൽബങ്ങളിലും അവർ പാടിയിട്ടുണ്ട്. കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാർ നായകനായ മിലാന എന്ന സിനിമയിലെ നിന്നിന്ദലെ എന്ന ഗാനം നിത്യ ആലപിക്കുന്നത് സാമൂഹിക മാധ്യമത്തിൽ വൈറൽ ആയിരുന്നു. പ്രണയം വിവാഹം തുടങ്ങിയ കാര്യങ്ങളിലുള്ള നിത്യയുടെ തുറന്ന് പറച്ചിലും നിരവധിപേർക്ക് ആത്മവിശ്വാസം നൽകുന്നത് ആയിരുന്നു.