കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവർ ഒരുമിക്കുന്നു; ‘പടയുടെ’ ടീസർ പുറത്ത്

കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന താരങ്ങളാക്കി കമല്‍ കെ.എം സംവിധാനം ചെയ്യുന്ന പട എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. പ്രകാശ് രാജ്, ഇന്ദ്രൻസ്, സലീം കുമാർ, കനി കുസൃതി,ജഗദീഷ്, ഉണ്ണിമായ പ്രസാദ്, ഷൈൻ ടോം ചാക്കോ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

PADA Oficial Teaser

പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ 1996ല്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ടീസർ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രത്തിന് ലഭിക്കുന്നത്.

സംവിധായകൻ കമൽ കെ.എമ്മിന്റെ രണ്ടാമത്തെ ചിത്രമാണ് പട, നിരൂപക പ്രശംസ നേടിയ ഹിന്ദി ചിത്രമായ ഐഡി (2012) ആണ് ആദ്യ ചിത്രം. ഇ4 എൻ്റര്‍ടെയ്ന്‍മെൻ്റ്സാണ് പട ചിത്രം നിര്‍മ്മിക്കുന്നത്. കമല്‍ കെ.എം തന്നെയാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സമർ താഹിർ ഛായാഗ്രഹണവും ഷാം മുഹമ്മദ് എഡിറ്ററുമായ ചിത്രത്തിൽ വിഷ്ണു വിജയൻ ആണ് സംഗീതം.