ഭരതേട്ടനുമായി അടുത്ത ആത്മബന്ധം, എന്നാൽ പത്മരാജനോട് അത്ര അടുപ്പം ഉണ്ടായില്ല; കാരണം പറഞ്ഞ് പാർവതി

മലയാള സിനിമയിലെ താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. സംവിധായകന്‍ ഭരതനുമായി ഉണ്ടായിരുന്ന ആത്മബന്ധവും പത്മരാജനുമായി തനിക്ക് സൗഹൃദം ഉണ്ടാകാതിരുന്നതിനെപ്പറ്റിയും പറയുകയാണ് പാര്‍വതി.

പത്മരാജനോട് കൂടുതൽ ബഹുമാനം ഉണ്ടായതും അതുവഴി സൗഹൃദം ഉണ്ടാകാതെ ഇരുന്നതിനെപ്പറ്റിയും പാര്‍വതി പറഞ്ഞു. ജയറാമാണ് ഇതിന് കാരണമെന്നാണ് പാർവതി പറഞ്ഞത്. ജയറാം പപ്പേട്ടനെ ഗുരു എന്ന നിലയില്‍ എവിടെയോ കൊണ്ട് പോയി പ്രതിഷ്ഠിച്ചിരിക്കുന്നത് കൊണ്ട് എനിക്കും ആ ഭയ ഭക്തി ബഹുമാനമായിരുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ ഭരതേട്ടനോടുള്ള അടുപ്പം പോലെ നല്ല ജോളിയാകുമായിരുന്നു, പാർവതി പറയുന്നു. അപരനും, തൂവാനത്തുമ്പികളുമാണ് പാർവതി പത്മരാജനൊപ്പം ചെയ്ത സിനിമകൾ. അപരനിലൂടെയായിരുന്നു ജയറാമിന്റെ സിനിമ പ്രവേശനം.

ഭരതേട്ടനുമായുള്ള അടുപ്പം വാക്കുകള്‍ക്ക് അതീതമാണ്. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോഴാണ് ഭരതേട്ടന്‍ എനിക്ക് ആരെല്ലാമായിരുന്നല്ലോ എന്ന തോന്നലുണ്ടായത്. ഒരു ചേട്ടനെ പോലെയും, അച്ഛനെ പോലെയുമൊക്കെ അത്രത്തോളം മാനസിക അടുപ്പമുള്ള വ്യക്തിയായിരുന്നു ഭരതേട്ടന്‍ എന്നും പാർവതി ഓർമ്മിക്കുന്നു. മിന്നാമിനുങ്ങിന്‍റെ നുറുങ്ങ് വെട്ടം, വൈശാലി തുടങ്ങിയ ഭരതൻ സിനിമകളിൽ പാർവതി ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു.

ജയറാം പാർവതി വിവാഹത്തോടെ പാർവതിയുടെ സിനിമകളിലെ സാന്നിധ്യം കുറഞ്ഞു. ഇരുവരുടെയും മകൻ കാളിദാസ് ജയറാമും ഇപ്പോൾ സിനിമകളിൽ സജീവമാണ്. ഇനിയും പാർവതി സിനിമകളിൽ മടങ്ങി വരുമോ എന്ന ആകാംഷയിലാണ് സിനിമപ്രേമികൾ.