1983-ൽ ഇന്ത്യക്ക് ലോകകപ്പ് ക്രിക്കറ്റ് നേടി തന്ന കപിൽ ദേവിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ’83 യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കപിൽ ദേവ് ആയി ചിത്രത്തിൽ വേഷമിടുന്ന രൺവീറിന്റെ ചിത്രമാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് അണിയറക്കാർ പുറത്തുവിട്ടത്. രൂപത്തിലും ഭാവത്തിലും സാക്ഷാൽ കപിലിനോട് സാമ്യം തോന്നിക്കുന്ന ചിത്രം ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺവീറിന്റെ ഭാര്യയും നടിയുമായ ദീപികയും ഒരു വേഷം ചെയ്യുന്നുണ്ട്. കപിലിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലായിരിക്കും ദീപിക പ്രത്യക്ഷപ്പെടുക. തമിഴ് നടൻ ജീവ ക്രിക്കറ്റ് താരം ശ്രീകാന്ത് ആയി വേഷമിടും. അടുത്ത വർഷം ഏപ്രിൽ 20ന് തിയേറ്ററുകളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് റിലയൻസ് എന്റർടൈൻമന്റ് ആണ്.




