‘യഥാർത്ഥ സിനിമ തുടങ്ങേണ്ടത് അതിന്റെ അവസാനത്തിൽ നിന്നായിരിക്കണം’; 9 ഫേസ്ബുക്ക്‌ നിരുപകന്റെ റിവ്യൂ ചർച്ചയാവുന്നു..!!

ആദ്യ ദിനങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളും എന്നാൽ രണ്ടാം ദിനം മുതൽ ഗംഭീര അഭിപ്രായങ്ങളുമായി ഉയർത്തെണീറ്റു കൊണ്ട് മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ് പൃഥ്വിയുടെ 9. ജെനുസ് മുഹമ്മദ് സംവിധാന ചെയ്ത ചിത്രം നിര്മിച്ചിരിക്കുന്നത് പൃഥ്വിയും സോണി പിക്ചേഴ്സ്ം ചേർന്നാണ്. വിവിധങ്ങളായ ജോണറുകൾ ഒരൊറ്റ സിനിമയിൽ പരീക്ഷണ വിധേയമാക്കിയതിന് പുറമെ കഥാന്ത്യം പ്രേക്ഷരിലേയ്ക്ക് വിട്ടു കൊടുക്കുക കൂടി സംവിധായകൻ ചിത്രത്തിൽ ചെയ്തിരിക്കുന്നു.
ഒരു വിഭാഗം ചിത്രങ്ങളെ മാത്രം അംഗീകരിക്കുന്ന മലയാളത്തിൽ വളർന്നു വരുന്ന സാഹചര്യത്തിലാണ് സി കെ രാഘവൻ എന്ന ഫെയ്‌സ്ബുക്ക് നിരൂപകന്റെ റിവ്യൂ ചർച്ചയാവുന്നത്. ചിത്രത്തിന്റെ നൂലിഴ കീറി പരിശോധിച്ച നിരൂപണത്തിൽ കേരളത്തിലേക്ക് ഇത്തരം ലോകോത്തര നിലവാരം പുലർത്തുന്ന ചിത്രം കൊണ്ട് വന്നിട്ട് കാര്യമില്ലെന്നും 9 കേരളത്തിനെ ഉയർത്തുന്നത് മറ്റു ചിത്രങ്ങളോട് കിട പിടിക്കാനും ആണെന്ന് രാഘവൻ പറയുന്നു.

നിരൂപണത്തിന്റെ പൂർണ രൂപം

പ്രിയപ്പെട്ട പൃഥ്വിരാജിനോട് : താങ്കള്‍ക്ക് ഭ്രാന്തുണ്ടോ ഹേ ? ആരെയാണ് നിങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നത് ?

പാവാടയും മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയും പോലെ കുടുംബസദസ്സില്‍ കുളിര്‍മഴ പെയ്യിക്കുന്ന ഇന്‍സ്റ്റന്‍റ് ഹിറ്റുകളുമായി കൈനനയാതെ മീനുംപിടിച്ച് കയ്യിലെ കാശും ബാങ്കിലിട്ടു സേഫ്സോണില്‍ വായയും തുന്നിക്കെട്ടി ഇരുന്നാല്‍ താങ്കള്‍ക്ക് എന്തുസംഭവിക്കും ?

പ്രിയപ്പെട്ട സോണി പിക്ച്ചേഴ്സിനോട് : ടെലിവിഷനും മൊബൈല്‍ഫോണും ഉണ്ടാക്കി ഇങ്ങോട്ട് കയറ്റി അയയ്ക്കുന്നതോടെ കേരളവുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്, കാരണം നിങ്ങളോളമില്ലെങ്കിലും പരീക്ഷണം നടത്തി മൂട് കീറിയ വലിയ നിര്‍മാതാക്കളെയൊക്കെ കണ്ടംവഴി ഓടിച്ച പാരമ്പര്യം ഞങ്ങള്‍ മലയാളികള്‍ക്കുണ്ട്.

2 മണിക്കൂര്‍ 39 മിനുറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ജോണറിനെ തന്നെ പുനര്‍നിര്‍വചിച്ചുകളഞ്ഞ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ആ അസാധ്യ പോസ്റ്റ്‌ക്രെഡിറ്റ്‌ സീനിനു മുന്‍പേതന്നെ സിനിമ തീര്‍ന്നതിന്‍റെ ആശ്വാസത്തില്‍ ഉറക്കത്തില്‍നിന്നും ചാടിയെഴുന്നേറ്റ് കൂടെയുള്ളവനെ തെറിയുംപറഞ്ഞ് ഇറങ്ങിപ്പോയ ഗൃഹനാഥന്‍മാരെയും യുവമിഥുനങ്ങളെയും നന്ദിയോടെ സ്മരിക്കട്ടെ…!

പ്രപഞ്ചത്തിന്‍റെ കഥയോളം തന്നെ, മനുഷ്യവര്‍ഗത്തിന്‍റെ അതിജീവനത്തോളംതന്നെ ദൈര്‍ഘ്യവും പഴക്കവുമുള്ള സിനിമയുടെ കഥയില്‍ കേവലം 9 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചെറിയൊരു ഭാഗമാണ് എഴുത്തുകാരനും സംവിധായകനും പ്രേക്ഷകന് കാണാന്‍ കൊടുത്തിരിക്കുന്നത്….!

കാര്‍ഡ്ബോര്‍ഡ് പെട്ടിയിലെ പിന്‍ഹോള്‍ പ്രോജക്റ്ററിലൂടെ പപ്പയോടൊപ്പം സൂര്യഗ്രഹണം കണ്ടുതുടങ്ങുന്ന ആല്‍ബര്‍ട്ട് പ്രപഞ്ചത്തെ അറിഞ്ഞുതുടങ്ങിയത് ശാസ്ത്രത്തിലൂടെയായിരുന്നു.

ആകാശത്തിലേക്ക് നോക്കിയാല്‍ കിട്ടുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങളിലൂടെ ലോകമറിയുന്ന Astrophysicist ആയിമാറിയ ആല്‍ബര്‍ട്ടിന്‍റെയും മകന്‍ ആദമിന്‍റെയും ജീവിതത്തിലൂടെ സിനിമ നീങ്ങിത്തുടങ്ങുന്നു.

നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന ഒരു ഗ്ലോബല്‍ ഇവന്‍റിനെ നേരിട്ടുകണ്ട് ആര്‍ട്ടിക്കിള്‍ എഴുതാനായി നിഗൂഡതകള്‍ നിറഞ്ഞ ഹിമാലയന്‍ താഴ്വരയിലേക്ക് ആല്‍ബര്‍ട്ടും ആദവും യാത്രയാവുന്നതോടെ നയന്‍ അതിന്‍റെ സങ്കീര്‍ണതകളിലേക്ക് കടക്കുന്നു.

സയന്‍സ് ഫിക്ഷനില്‍ തുടങ്ങി മിത്തിന്‍റെ അകമ്പടിയില്‍ ഹൊറര്‍/മിസ്റ്ററി മൂഡില്‍ സഞ്ചരിച്ച് സയന്‍സ് ഫിക്ഷന്‍/ഫാന്‍റസി തലത്തില്‍ പ്രേക്ഷകനുവേണ്ടി കഥാന്ത്യത്തെ തുറന്നുകൊടുത്ത് അവസാനിക്കുന്ന(തുടങ്ങുന്ന) ഗംഭീര സിനിമാറ്റിക് അനുഭവമാണ് ജീനസ് മുഹമ്മദിന്‍റെ നയന്‍.

യഥാര്‍ത്ഥ സിനിമ തുടങ്ങേണ്ടത് അത് അവസാനിക്കുന്നിടത്തു നിന്നാവണം എന്ന വാക്കുകളെ ഓര്‍മിപ്പിക്കുന്ന, മുന്നിലിരിക്കുന്ന പ്രേക്ഷകന്‍റെ യുക്തിക്ക് അനുസരിച്ച് ആഖ്യാനങ്ങളും തിയറികളും സൃഷ്ടിക്കപ്പെടുന്ന മലയാളത്തിലെ ചുരുക്കം ചില സിനിമകളില്‍ ഒന്ന്.

അച്ഛന്‍-മകന്‍ ബന്ധത്തിന്‍റെ വൈകാരികതലങ്ങളില്‍ സ്പര്‍ശിക്കുന്ന ലക്ഷണമൊത്ത ഇമോഷണല്‍ഡ്രാമയും പുനര്‍ചിന്തകളില്‍ യുക്തിക്ക് കൂടി സ്ഥാനം കല്‍പ്പിക്കുന്ന സൈക്കോത്രില്ലറും കൂടിയാണ് നയന്‍.

ചെകുത്താന്‍റെ പ്രേരണയിലൂടെ വിലക്കപ്പെട്ട കനി ഭക്ഷിച്ചു ദൈവം സൃഷ്‌ടിച്ച സ്വര്‍ഗത്തില്‍നിന്നും പുറത്താവുന്ന ഹവ്വയുടെയും ആദത്തിന്‍റെയും വിവേചനബുദ്ധിയുടെ രാഷ്ട്രീയത്തില്‍ തുടങ്ങി ലോകത്തിലെ ഏറ്റവുംവലിയ മിസ്റ്ററികള്‍ കാണിക്കുന്ന ബ്ലാക്ക്ഹോള്‍ മനുഷ്യന്‍റെ മനസ്സ് തന്നെയാണ് എന്ന Haunting of hillhouse തിയറിയില്‍ അവസാനിക്കുന്ന ബ്രില്ല്യന്‍സുകള്‍ നിറഞ്ഞ തിരക്കഥ തന്നെയാണ് നയന്‍റെ നട്ടെല്ല്.

പണത്തിനും പദവിക്കും അധികാരത്തിനും വേണ്ടിയല്ലാതെ യുദ്ധത്തിനും സര്‍വനാശത്തിനുംവേണ്ടി മനസ്സുകളെ മാനിപ്പുലേറ്റ് ചെയ്യുന്ന ജോക്കര്‍/വില്‍സണ്‍ ഫിസ്ക് തലത്തിലെ Agent Of Chaos രാഷ്ട്രീയം പിന്‍പറ്റുന്ന നെഗറ്റീവ് കഥാപാത്രത്തെ സൂക്ഷ്മമായ കാഴ്ചയില്‍ കാണാന്‍ കഴിയുന്ന സിനിമ.
സ്നേഹം എന്ന ലോകംകണ്ട ഏറ്റവുംവലിയ ആയുധത്തിന്‍റെ ശക്തിയെയും അതിന്‍റെ ചരിത്രത്തെയും ഏറ്റവും ലളിതമായി ഡിഫൈന്‍ ചെയ്യാന്‍ ശ്രമിക്കുന്ന മലയാളസിനിമ.

സ്പൂണ്‍ഫീഡിംഗിനും അന്തര്‍നാടകങ്ങള്‍ക്കും ഇടകൊടുക്കാതെ വൃത്തിയായി എക്സിക്യൂട്ട് ചെയ്യപ്പെട്ട ചങ്കൂറ്റമുള്ള പരീക്ഷണചിത്രം.

അന്ധാദുന്നും എനിമിയും നൊക്ടേണല്‍ ആനിമല്‍സും മുതല്‍ ഷട്ടര്‍ ഐലനറും ഓള്‍ഡ്‌ ബോയിയും വരെ അവസാനിച്ച പോയിന്‍റില്‍ നിന്നും തുടക്കം മുതല്‍ ഒടുക്കംവരെ ഡീകോഡ് ചെയ്ത മലയാളിക്ക് സ്വന്തംനാട്ടില്‍ നിന്നുതന്നെ അതുപോലെ ഒരെണ്ണം കിട്ടിയതില്‍ അഭിമാനിക്കാം…!

Vintage ഫ്രെയിമുകളുടെ മേന്മ മാത്രം അവകാശപ്പെടാനുള്ള 100 ഡേയ്സ് ഓഫ് ലവ് എന്ന ത്രികോണപ്രണയകഥയില്‍നിന്നും ജീനസ് മുഹമ്മദ്‌ എന്ന ഒരുപാട് വളര്‍ന്ന സംവിധായകനെയും എഴുത്തുകാരനേയും നയനില്‍ കാണാന്‍ കഴിയുന്നുണ്ട്.

വാമികാ ഗബ്ബി എന്ന നടിയുടെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് ഈവ എന്ന കഥാപാത്രം.

ആദമായി വേഷമിട്ട മാസ്റ്റര്‍ അലോകും മികച്ചുനിന്നപ്പോള്‍ ഏതാനും സീനുകളില്‍ വന്നുപോയ പ്രകാശ് രാജ്, മമത എന്നിവര്‍ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
ഷാന്‍ റഹ്മാന്‍റെ ഗാനങ്ങള്‍ക്ക് കാര്യമായ മികവ് അവകാശപ്പെടാനില്ലാതെ വന്നപ്പോള്‍ പശ്ചാത്തലസംഗീതത്തിലൂടെ സിനിമയുടെ മാറിവരുന്ന മൂഡുകളെ അടയാളപ്പെടുത്താന്‍ ശേഖര്‍മേനോന് സാധിച്ചു.

ആമേനും മോസയിലെ കുതിരമീനുകളും ഡബിള്‍ ബാരലും നല്‍കിയ കാഴ്ച്ചയുടെ വിസ്മയത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കാന്‍ അഭിനന്ദന്‍ രാമാനുജന്‍റെ ക്യാമറക്ക് കഴിയുന്നുണ്ട്. ലൈറ്റിംഗിലെ ഒറിജിനാലിറ്റിയും നീലവെളിച്ചം കയറ്റി വെറുപ്പിക്കാത്ത നൈറ്റ്‌ ഷോട്ടുകളും സിംഗിള്‍ ഷോട്ട് സീനുകളും അതിന് അടിവരയിടുന്നു.

ഷമീര്‍ മുഹമ്മദിന്‍റെ എഡിറ്റിംഗും പരിമിതികള്‍ക്കുള്ളില്‍ നിന്നു പുലര്‍ത്തിയ VFX മികവും സിനിമയെ ഒരു വിഷ്വല്‍ ട്രീറ്റ് കൂടിയാക്കുന്നതില്‍ വലിയ പങ്ക് തന്നെ വഹിക്കുന്നു.

ഇടയ്ക്കിടെ മിന്നിമറയുന്ന ആദംജോവാന്‍, എസ്ര റെഫറന്‍സുകള്‍, ക്രെഡിറ്റ്സിലെ ഫോണ്ടിലും ഇടയിലെ bgmലും അനുഭവപ്പെടുന്ന Stranger Things ഓര്‍മപ്പെടുത്തല്‍, ക്ലൈമാക്സിലെ Now You See Me സംഗീതമോഷണം തുടങ്ങി ഒറ്റനോട്ടത്തില്‍ തന്നെ ശ്രദ്ധയില്‍പെടുന്ന കുറവുകള്‍ ഉണ്ടെങ്കിലും അത് ആസ്വാദനത്തിന് ഭംഗം വരുത്തുന്നതായി അനുഭവപ്പെട്ടില്ല.

ബോളിവുഡ്കാരന്‍റെ സ്ത്രീയും ഹോളിവുഡ്കാരന്‍റെ അണ്ടര്‍ ദി സ്കിന്നും Knowingഉം തുടങ്ങി കോളിവുഡ്കാരന്‍റെ സീറോയെ വരെ ഒരുമിച്ചു കാണാന്‍ കഴിയുന്ന സമ്മിശ്രജോണര്‍ സിനിമാനുഭവം.

പ്രേക്ഷകന് ആവശ്യമുള്ളത് ചവച്ചരച്ചു വിഴുങ്ങിയതിനുശേഷം അത് ഛർദ്ദിച്ച് പ്രേക്ഷകനെക്കൊണ്ട് കഴിപ്പിച്ച് തൃപ്തിപ്പെടുത്തുന്ന സിനിമാക്കാരുടെ കൂട്ടത്തില്‍ പെടുത്താന്‍ കഴിയാത്ത ഒരുകൂട്ടം ആളുകളുടെ സിനിമയാണ് നയന്‍.

ലോകസിനിമാഭൂപടത്തില്‍ മലയാളസിനിമയെ ഒരിക്കല്‍കൂടി അടയാളപ്പെടുത്താനുള്ള ചങ്കൂറ്റമുള്ള ശ്രമം.

മികച്ച ദൃശ്യ-ശബ്ദസംവിധാനമുള്ള തീയറ്ററില്‍ നിന്നുതന്നെ (4K/2K-Atmosതന്നെ ആയാല്‍ അത്യുത്തമം) ടിക്കറ്റെടുത്തു കാണാന്‍ ശ്രമിക്കുക.

പ്രിയപ്പെട്ട പൃഥ്വിരാജിനോട് : മുരുകനും രാജയും പ്രതീക്ഷിച്ചു കയറി തീയറ്ററിലിരുന്ന് ഉറങ്ങുന്നവരുടെയും സിനിമ കണ്ടുപോലും നോക്കാതെ താറടിക്കുന്നവരുടേയും രോദനങ്ങള്‍ കേട്ടാല്‍ തിരിഞ്ഞുനോക്കാതിരിക്കാന്‍ ശ്രമിക്കുക, എന്തെന്നാല്‍ “ഇല്യൂമിനാണ്ടി, ഇഹ് ഇഹ് തീവണ്ടി, ഹോളിവുഡ്” എന്നൊക്കെ പറഞ്ഞ് അവര്‍ എന്നും കരഞ്ഞുകൊണ്ടേയിരിക്കും, ഉറപ്പാണ്…!

വാല്: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജ് എന്ന നടനും നിര്‍മാതാവും നേരിട്ട ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ ഉത്തരവും ഒന്നുകൂടി കാണാം.

ചോദ്യം : “പരാജയങ്ങൾ പൃഥ്വിയെ പഠിപ്പിക്കുന്നത് എന്താണ് ?”

ഉത്തരം: “എനിക്കറിയില്ല. പക്ഷേ ഒരുപാടു പരാജയങ്ങൾ കണ്ടിട്ടുള്ള നടനായതു കൊണ്ടു തന്നെ പരാജയങ്ങളെ എനിക്കിപ്പോൾ പേടിയില്ല. അതു നല്ലതാണെന്നു തോന്നുന്നു. വീണ്ടും നല്ലതിനുവേണ്ടി നമ്മൾ ശ്രമിക്കുമല്ലോ. പരാജയങ്ങളെയും വിജയങ്ങളെയും പേടിയില്ല എന്നു പറയാൻ കാരണം വിജയത്തിനെയാണ് കൂടുതൽ പേടിക്കേണ്ടത്. തുടർച്ചയായി മൂന്നോ നാലോ ചിത്രങ്ങൾ ഹിറ്റായാൽ ലോകം മുഴുവൻ നമ്മളോടു പറയും ഇതുപോലെയുള്ള സിനിമകളാണ് ചെയ്യേണ്ടത് എന്നൊക്കെ. വളരെ എളുപ്പമാണ് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ. ഒരു അഭിനേതാവെന്ന നിലയിൽ ഒരുപാടു നഷ്ടപ്പെടാനുണ്ട് എന്നൊക്കെ വിജയം നമുക്കു ചുറ്റുമുള്ളപ്പോൾ തോന്നും. എനിക്കു വിജയത്തിനെയും പേടിയില്ല. പിന്നെ ഞാനൊരു മത്സരത്തിനില്ല. ഒരു സ്റ്റാർഡത്തിനു വേണ്ടിയും ഞാൻ മത്സരിക്കുന്നില്ല. ഒരുപക്ഷേ വളരെ ചെറുപ്പത്തിൽ സിനിമയിൽ വന്നതുകൊണ്ടാവാം. എനിക്കിഷ്ടപ്പെട്ട സിനിമകൾ എനിക്കിഷ്ടപ്പെട്ട രീതിയിൽ മരണം വരെ ചെയ്യാൻ സാധിക്കണം എന്നതു മാത്രമാണ് ആഗ്രഹം…!”

ckrviews

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments