ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത സിനിമയാണ് ‘ലവ്’. ഇതിന്റെ തമിഴ് പതിപ്പ് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കൈകാര്യം ചെയ്ത നായക വേഷം വിജയ് സേതുപതി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് ചിത്രത്തിന്റെ റീമേക്ക് കരാർ ഉറപ്പിച്ചത്.
ഡൊമസ്റ്റിക്ക് വയലൻസാണ് സിനിമയുടെ പ്രമേയം. അനൂപ്–ദീപ്തി എന്നീ ദമ്പതികളുടെ ജീവിതവും ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ത്രില്ലർ സ്വഭാവം കൂടിയുള്ള സിനിമ അവതരണ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോയും രജീഷ വിജയനും പ്രധാന വേഷത്തിലെത്തിയ ‘ലവ്’ ലോക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട സിനിമ ആയിരുന്നു.
ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം നൗഫൽ അബ്ദുള്ളയാണ് ചിത്രസംയോജനം നിർവഹിച്ചത്. തമിഴ് പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.



