തടിയനാണ് തോറ്റില്ല, തടിയന്മാർക്ക് കോവിഡ് വന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായി ഷാസ് ഷബീറിന്റെ യൂട്യൂബ് വീഡിയോ

കോവിഡ് എന്നത് സമൂഹമാധ്യമങ്ങളിലൊക്കെ സുഹൃത്തുക്കളുടെ പോസിറ്റീവ് എന്ന അപ്ഡേറ്റും പത്തു ദിവസത്തിനു ശേഷം നെഗറ്റീവ് എന്ന അപ്ഡേറ്റും കാണുന്നതു പോലെയുള്ള ലാഘവമല്ല. എത്ര ആരോഗ്യമുള്ള വ്യക്തിയാണെങ്കിലും ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നതു പോലെ കുഴച്ചു മറിക്കും, പ്രത്യേകിച്ച് തടിയും മറ്റു രോഗങ്ങളുമുള്ളവരിൽ. 10 ദിവസത്തിനുള്ളിൽ നെഗറ്റീവ് ആകണമെന്നു യാതൊരു നിർബന്ധവുമില്ല. തടിയനായ തനിക്ക് കോവിഡ് വന്ന അനുഭവം പറയുകയാണ് ഷാസ് ഷബീർ.

ഷാസ് ഷബീറിന്റെ വാക്കുകൾ : റമദാൻ രണ്ടാം നോമ്പിന് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ഇരുന്നിടത്ത്‌ നിന്ന് എഴുന്നേറ്റു നിൽക്കാൻ ബുദ്ധിമുട്ട് തോന്നി. തടി കുറച്ചു കൂടിയതിന്റെ ആവാം എന്നാണു കരുതിയത്. പക്ഷെ പിന്നീട് പനിയുടേതായ കുളിരു വന്നു വൈറൽ ഫീവറിന്റേത് ആകുമെന്ന് കരുതി സുഹൃത്തായ ഡോക്ടർനെ വിളിച്ചു മരുന്ന് ചോദിച്ചു. നാലു ദിവസത്തോളം ഡോളോ കഴിച്ചു പക്ഷെ ഒരു കുറവുമുണ്ടായില്ല അങ്ങനെ ഭാര്യയും ഞാനും പോയി ടെസ്റ്റ് ചെയ്തു. റിസൾട്ട് വന്നപ്പോൾ കോവിഡ് പോസിറ്റീവ് ആയിരുന്നു. പൾസ് ഓക്സിമീറ്ററിൽ ഓക്സിജൻ ലെവൽ പരിശോധിക്കുന്നുണ്ടായിരുന്നു. ഒപ്പം ഡോക്ടർ നിർദേശിച്ച ആന്റിബയോട്ടികും കഴിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓക്സിജൻ ലെവൽ താഴ്ന്നു തുടങ്ങിയതോടെ ആശുപത്രിയിലേക്കു മാറി. രണ്ടു ദിവസം കൊണ്ട് തന്നെ പണി മാറി . പതിയെ രുചിയും മണവും വന്നുതുടങ്ങി.ഒടുവിൽ 12 ദിവസം നീണ്ടുനിന്ന 100 ഡിഗ്രി പനിയിൽ നിന്ന് അങ്ങനെ മോചിതനായി. പൾസ്, ഓക്സിജൻ ലെലിൽ വ്യത്യാസം ഉണ്ടായിരുന്നു. തുടർന്ന് അലർജിക്കുള്ള ചില മരുന്നുകളും നൽകി. പതിയെ ആണ് സ്റ്റേബിൾ ആയി തുടങ്ങിയത്. ശ്വാസതടസ്സം ഉണ്ടെങ്കിൽ ഒരു കാരണവശാലും മലർന്നു കിടക്കരുത്. കമിഴ്ന്നുതന്നെ കിടക്കണം, അതിനു പറ്റാത്തവർക്ക് ചെരിഞ്ഞു കിടക്കാം. തടിയൻമാർക്ക് ശ്വാസതടസ്സം വന്നാൽ വലിയ പ്രശ്നമാണ്. എന്റെ അനുഭവത്തിൽ ഞാൻ പറയുന്നത് തടി കുറയ്ക്കാൻ നോക്കുക, തടി ഉള്ളവർ വീട്ടിൽതന്നെ ഇരുന്ന് കോവിഡ് വരുത്താതിരിക്കാൻ ശ്രദ്ധിക്കുക എന്നാണ്.