മുതൽ മുടക്ക് 450 കോടി, 325 കോടി റിലീസിനു മുമ്പേ തിരിച്ചു പിടിച്ച് രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍

ബാഹുബലിക്ക് ശേഷം സംവിധായകൻ രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മുതൽ മുടക്ക് 450 കോടിയാണ്. ഇപ്പോഴിതാ റിലീസിനു മുൻപേ തന്നെ ചിത്രം 325 കോടി നേടിക്കഴിഞ്ഞിരിക്കുന്നു.

സാറ്റ്ലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങള്‍ വഴിയാണ് ചിത്രം 325 കോടി രൂപ സ്വന്തമാക്കിയിരിക്കുന്നത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായ പ്രമുഖ കമ്ബനികളാണ് ചിത്രവുമായി ബിസിനസ് ഡീല്‍ നടത്തിയിരിക്കുന്നത്.ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.