സണ്ണി വെയ്ൻ നായകനാകുന്ന ജിജോ ആന്റണി ചിത്രം ‘അടിത്തട്ടിന്റെ’ വീഡിയോ പുറത്ത്

സണ്ണി വെയ്‍ൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അടിത്തട്ട്’ എന്ന ചിത്രത്തിന്റെ വീഡിയോ പുറത്ത്. ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പോസ്റ്റര്‍ നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഒരു ചെറിയ ഇൻസ്റ്റാഗ്രാം വീഡിയോ പങ്കു വച്ചിരിക്കുകയാണ് സണ്ണി വെയ്ൻ.

പൂര്‍ണ്ണമായി നടുക്കടലില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് അടിത്തട്ട്. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരിസൈമണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മികച്ച സാങ്കേതിക വിദ്യയോട് കൂടിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സണ്ണി വെയ്‍ൻ തന്നെ നേരത്തെ അറിയിച്ചിരുന്നു. സൂസൻ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്.പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. നസീര്‍ അഹമ്മദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഖായിസ് മില്ലൻ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. ദീപക് പരമേശ്വര്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.