ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു; എം.പദ്മകുമാർ ചിത്രം ‘പത്താം വളവിലൂടെ’

മാമാങ്കത്തിന് ശേഷം എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താം വളവ്. സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് മമ്മൂട്ടി, വിജയ് സേതുപതി, പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ.അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘കുടുംബ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ചിത്രമാണ് പത്താം വളവ്. കേരളത്തിൽ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

യു.ജി.എമ്മിന്‍റെ ബാനറില്‍ ഡോ.സക്കറിയ തോമസ്, ഗിജൊ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രഹണം രതീഷ് റാം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദാണ്. രഞ്ജിന്‍ രാജ് സംഗീതം നിർവ്വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബും കലാസംവിധാനം രാജീവ് കോവിലകവുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ചമയം ജിതേഷ് പൊയ്യയാണ്. വസ്ത്രാലങ്കാരം അയേഷ ഷഫീറും ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്‍ണയുമാണ്. സ്റ്റില്‍സ് മോഹന്‍ സുരഭിയാണ്. ഡിസൈന്‍ യെല്ലോ ടൂത്ത്‍സ്.