പ്രശസ്ത നടൻ വിവേക് അന്തരിച്ചു; വിടവാങ്ങിയത് തമിഴ് സിനിമയിൽ ഹാസ്യത്തിന് പുതുഭാവം നൽകിയ താരം

പ്രശസ്ത തമിഴ് സിനിമാ തരം വിവേക് അന്തരിച്ചു.ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തമിഴ് സിനിമയിൽ ഹാസ്യത്തിന് പുതിയ ദിശ നൽകിയ പ്രതിഭയാണ് വിവേക്. 1961 നവംബര്‍ 19 ന് തൂത്തുക്കുടിയിലെ കോവില്‍പട്ടിയിലാണ് വിവേകാനന്ദന്‍ (വിവേക്) ജനിച്ചത്. മധുരയിലെ അമേരിക്കന്‍ കോളജില്‍ നിന്നും കൊമേഴ്സില്‍ ബിരുദമെടുത്തു. ചെന്നൈയില്‍ ജോലി ചെയ്യുന്ന സമയത്താണ് സംവിധായകന്‍ കെ ബാലചന്ദറിന് അദ്ദേഹം പരിചയപ്പെടുന്നത്. പിന്നീട് തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായി. 1987ല്‍ പുറത്തിറങ്ങിയ മാനതില്‍ ഉരുതി വേണ്ടും ആണ് ആദ്യ ചിത്രം.

പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ 90 കളിലാണ് വിവേക് ഹിറ്റ് സിനിമകളുടെ ഭാഗമാകുന്നത്. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പർ താരങ്ങൾക്കുമൊപ്പം അദ്ദേഹം അഭിനയിച്ചു. ഖുശി,റണ്‍, സാമി, ശിവാജി, അന്യന്‍,ആദി, പേരഴഗന്‍, എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, വാലി, സിങ്കം, അഴഗി, തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരകനായും വിവേക് തിളങ്ങി.മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം, രജനികാന്ത് എന്നിവരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. പദ്മശ്രീ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്ത തേടിയെത്തിയരുന്നു.

പലപ്പോഴും സമൂഹിക വിമർശം കൂടി തന്റെ തമാശകളിലൂടെ അദ്ദേഹം സാധ്യമാക്കിയിരുന്നു. തമിഴിൽ മാത്രമല്ല കേരളത്തിലും അദ്ദേഹത്തിന് ആരാധകരേറെയുണ്ട്. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേര്‍ താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. അരുൾ സെൽവിയാണ് ഭാര്യ.മക്കള്‍: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.