തെലുങ്ക് ഹിറ്റ് മേക്കർ സംവിധായകൻ വംശി പൈഡിപള്ളി വിജയ് കൂട്ടുകെട്ടിൽ വമ്പൻ ചിത്രം എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ‘ദളപതി 66’ എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ഉള്ള വിവരം സംവിധായകൻ വംശി തന്നെയാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്. ‘ദളപതി 66’ ദില്‍ രാജു നിര്‍മ്മിക്കും. ലോക്ക് ഡൗണിനുശേഷം ചിത്രം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കുമെന്നും വംശി മാധ്യമങ്ങളെ അറിയിച്ചു.
ഊപിരി എന്ന് തെലുങ്കിലും തോഴ എന്ന പേരിൽ തമിഴിലും ഒരുക്കിയ വമ്പൻ താര ചിത്രം സംവിധാനം ചെയ്തത് വംശി പൈഡിപള്ളി ആണ്. കാർത്തി, നാഗാർജുന, തമന്ന തുടങ്ങിയ താര നിര ആയിരുന്നു സിനിമയിൽ അണി നിരന്നത്. 2016 ഇൽ മഹേഷ് ബാബുവിനെ നായകനാക്കി ചെയ്ത മഹർഷി എന്ന സിനിമയും വമ്പൻ ഹിറ്റ് ആയിരുന്നു.
ലോക്ക് ഡൗണിലേക്ക് കടക്കുന്നതിന് മുൻപ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പം തലപതി 65 ന്റെ ചിത്രീകരണത്തിലായിരുന്നു വിജയ്. ഇതിന്‍റെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സാധാരണ വിജയ് ചിത്രങ്ങൾ മൊഴിമാറ്റി തെലുങ്കിൽ എത്താറുണ്ടായിരുന്നു. എന്നാൽ വിജയ് നായകൻ ആകുന്ന ആദ്യ തെലുങ്ക് – തമിഴ് ചിത്രം എന്ന പ്രത്യേകതയും ഇപ്പോൾ അണിയറയിൽ ആലോചിക്കുന്ന ‘ദളപതി 66’ സ്വന്തമാക്കും.



