സൂപ്പർഹീറോയായി ടോവിനോ തോമസ്; മിന്നൽ മുരളി ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തിറങ്ങി

ഗോദക്ക് ശേഷം ബേസിൽ ജോസഫ് – ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളിയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തിറങ്ങി. ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെടുന്ന മലയാളികൾക്ക് ആദ്യമായി കിട്ടുന്ന ഒരു സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിന് പുറമെ തമിഴ്‌, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങി 5 ഭാഷകളിലാണ് ചിത്രം റിലീസ്‌ ചെയ്യുന്നത്‌. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്‌.

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.